കാൺപൂർ റെയ്ഡ്; 36 മണിക്കൂർ പരിശോധന, പിടിച്ചെടുത്തത് 177 കോടിയും നോട്ടെണ്ണൽ യന്ത്രങ്ങളും, ബാങ്കിലേക്ക് മാറ്റിയത് 21 പെട്ടികളിൽ
text_fieldsലഖ്നോ: കാൺപൂരിൽ വ്യവസായിയുടെ വീട്ടിൽനിന്ന് ആദായ നികുതി, ജി.എസ്.ടി വകുപ്പുകൾ പിടിച്ചെടുത്തത് 177 കോടി രൂപ. പെർഫ്യൂം വ്യാപാരിയായ പീയുഷ് ജെയിനിന്‍റെ വസതികളിലും സ്ഥാപനങ്ങളിലുമായിരുന്നു വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി പരിശോധന. 11 ഇടങ്ങളിലായിരുന്നു പരിശോധന. കനൗജിൽ ഇനിയും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
36 മണിക്കൂർ നീണ്ട പരിശോധനയിൽ 177 കോടി രൂപയും അഞ്ച് വേട്ടെണ്ണൽ മെഷീനും കണ്ടെടുത്തു. പീയുഷ് ജെയിനിന്‍റെ വീട്ടിൽനിന്ന് മാത്രം 150 കോടി രൂപ കണ്ടെടുത്തിരുന്നു. അലമാരകളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു നോട്ടുകെട്ടുകൾ. നികുതി വകുപ്പ് അധികൃതർ പരിശോധന നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കൂടാതെ അലമാരയിൽ സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകളുടെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. 21 പെട്ടികളിലാക്കിയാണ് റെയ്ഡിൽ പിടിച്ചെടുത്ത പണം കണ്ടെയ്നറിൽ കയറ്റി ബാങ്കുകളിലേക്ക് മാറ്റിയത്.
ജെയിനിനെ കൂടാതെ അദ്ദേഹത്തിന്‍റെ സഹായികളുടെ വസതികളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു. ഫാക്ടറി ഔട്ട്ലെറ്റുകൾ, കോൾഡ് സ്റ്റോറേജ്, കാൺപൂർ, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിലെ പെട്രോൾ പമ്പുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
ഷെൽ കമ്പനികൾ വഴി മൂന്നുകോടിയിലധികം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി അധികൃതർ അറിയിച്ചു. ജെയിൻ ഷെൽ കമ്പനികളുടെ പേരിൽ വായ്പ എടുക്കുകയും വൻ തുകയുടെ വിദേശ ഇടപാടുകൾ നടത്തിയിരുന്നതായും അധികൃതർ അറിയിച്ചു. ജെയിനിന്‍റെ ഉടമസ്ഥതയിൽ മാത്രം 40ഓളം കമ്പനികൾ വരും. ഇതിൽ രണ്ടെണ്ണം പശ്ചിമേഷ്യയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.