ഭക്ഷണത്തിൽ ഉള്ളി കഷ്ണങ്ങൾ; മുസഫർനഗറിൽ ഹോട്ടൽ തല്ലിത്തകർത്ത് കാവഡ് തീർഥാടകർ
text_fieldsലഖ്‌നോ: ഭക്ഷണത്തിൽ ഉള്ളിയുടെ കഷ്ണങ്ങൾ കിട്ടിയതിന് ഹോട്ടൽ തല്ലിത്തകർത്ത് കാവഡ് തീർഥാടകർ. മുസഫർനഗറിൽ ഡൽഹി-ഹരിദ്വാർ ദേശീയപാതക്കു സമീപത്തെ ‘തൗ ഹുക്കേവാല ഹരിയാൻവി ടൂറിസ്റ്റ് ധാബയാണ് തീർഥാടകർ തകർത്തത്.
കാവഡ് യാത്ര കടന്നുപോകുന്ന പശ്ചിമ യു.പിയിലെ 240 കിലോമീറ്റർ റോഡിൽ ഹോട്ടലുകളുടെയും പഴക്കടകളുടെയും മുന്നിൽ കടയുടമകളുടെ പേരുകൾ പ്രദർശിപ്പിക്കണമെന്ന യു.പി സർക്കാറിന്‍റെ വിവാദ ഉത്തരവ് പുറത്തുവന്നതിനു പിന്നാലെയാണ് സംഭവം. ഗംഗയിൽ നിന്ന് ശേഖരിച്ച ജലവുമായി ഹരിദ്വാറിലേക്ക് പോകുന്ന കാവഡ് തീർഥാടക സംഘം ഭക്ഷണം കഴിക്കാനാണ് ഹോട്ടലിൽ കയറിയത്.
കഴിക്കാൻ കൊണ്ടുവെച്ച കറിയിൽ ഉള്ളി കഷ്ണം കണ്ടെന്നും പറഞ്ഞ് തീർഥാടക സംഘം ഹോട്ടലിലെ ജീവനക്കാരെയും പാചകക്കാരനെയും മർദിക്കുകയായിരുന്നു. കടയിലെ ഫർണിച്ചറുകളും ഫ്രിഡ്ജും ഉൾപ്പെടെ സംഘം തകർത്തു. ശിവഭക്തർ ലളിതമായ ഭക്ഷണം കഴിക്കുന്നവരാണെന്നും കറിയിൽ ഉള്ളി കണ്ടാൽ അവർ അസ്വസ്ഥരാകുമെന്നും ചാപ്പർ പൊലീസ് സ്റ്റേഷൻ ഓഫിസർ റോജന്‍റ് ത്യാഗി പറഞ്ഞു. കാവഡ് തീർഥാടകർ ഉള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തില്ലെന്ന കാര്യം തങ്ങൾക്കറിയില്ലെന്നും ആശയക്കുഴപ്പം കാരണമാണ് ഇത് സംഭവിച്ചതെന്നും ഹോട്ടൽ ഉടമ പ്രമോദ് കുമാർ പ്രതികരിച്ചു.
യു.പി സർക്കാറിന്‍റെ വിവാദ ഉത്തരവിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഉത്തരവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഉത്തരവിനെതിരെ സന്നദ്ധ സംഘടനയായ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എ.പി.സി.ആർ) സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഉത്തരവ് പിൻവലിക്കണമെന്ന് ഓൺലൈൻ വഴി സന്നദ്ധ സംഘടന സമർപ്പിച്ച ഹരജിയിൽ ആവശ്യപ്പെട്ടു.
ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന സംഘടനയുടെ ആവശ്യം അംഗീകരിച്ച കോടതി, തിങ്കളാഴ്ച പരിഗണിക്കാനായി ലിസ്റ്റ് ചെയ്തു. ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ്.വി.എൻ. ഭാട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുക. ഉത്തരവിനെതിരെ പ്രതിപക്ഷവും എൻ.ഡി.എയിലെ സഖ്യ കക്ഷികളും എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.