നേതാക്കളുടെ വിദേശയാത്രാ വിവരങ്ങൾ തേടി കപിൽ മിശ്രയുടെ നിരാഹാരം
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ അഴിമതി ആരോപണമുയർത്തിയ മുൻമന്ത്രിയും എം.എൽ.എയുമായ കപിൽ മിശ്ര അനിശ്ചിതകാല നിരാഹാര സമരത്തിൽ. ഡൽഹി സിവിൽ ലൈനിലുള്ള വസതിക്കു മുന്നിലെ പന്തലിലാണ് കപിൽ മിശ്ര നിരാഹാരമിരിക്കുന്നത്. ആം ആദ്മി നേതാക്കളുടെ വിദേശയാത്രകളുടെ വിശദാംശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടാണ് സമരം. വിദേശയാത്രകൾ നടത്തുന്നതിന് എ.എ.പിയിലെ മുതിർന്ന നേതാക്കൾക്ക് എവിടെ നിന്നാണ് പണം ലഭിച്ചതെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുന്നതുവരെ നിരാഹാരമിരിക്കുമെന്നാണ് മിശ്രയുടെ പ്രഖ്യാപനം.
കെജ്രിവാളിനെഴുതിയ തുറന്ന കത്തിലാണ് കഴിഞ്ഞ രണ്ടു വർഷത്തിനിടെ മന്ത്രി സത്യേന്ദ്ര ജെയിൻ, ആശിഷ് കേതൻ, സഞ്ജയ് സിങ്, രാഘവ് ചാധ, ദുർഗേഷ് പഥക് എന്നിവർ നടത്തിയ വിദേശ യാത്രകളുടെ വിശദാംശങ്ങൾ നൽകണമെന്ന് മിശ്ര ആവശ്യപ്പെട്ടിരിക്കുന്നു.
തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ പോലും പണമില്ലെന്ന് പാർട്ടി നേതൃയോഗങ്ങളിൽ കെജ്‍രിവാൾ പറയുേമ്പാഴാണ് നേതാക്കൾ തുടർച്ചയായി വിദേശയാത്രകൾ നടത്തുന്നത്. വിദേശ യാത്രകൾക്കുള്ള ഇൗ പണം എവിടെ നിന്നാണെന്ന് വ്യക്തമാക്കണം. വിദേശത്ത് നിന്നും തന്നെ വെടിവെച്ചു കൊലപ്പെടുത്തുമെന്ന് ഭീഷണി ഫോൺ കോൾ ലഭിച്ചിരുന്നു. വിദേശ യാത്രകളുടെ വിശദാംശങ്ങൾ പുറത്തുവിട്ടാൽ ജനങ്ങൾ മുഖ്യമന്ത്രിയെ രാജിവെപ്പിക്കുമെന്നും മിശ്ര കത്തിൽ പറയുന്നു.
തെരഞ്ഞെടുപ്പിൽ തനിക്കെതിരെ മൽസരിക്കാൻ കെജ്‍രിവാളിനെ വെല്ലുവിളിച്ച് കപിൽ മിശ്ര കഴിഞ്ഞ ദിവസം മറ്റൊരു തുറന്ന കത്തും പോസ്റ്റ് ചെയ്തിരുന്നു. ജനപിന്തുണയുണ്ടെന്ന് ഉറപ്പുണ്ടെങ്കിൽ തെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാനായിരുന്നു മിശ്രയുടെ വെല്ലുവിളി.
ജലവിഭവവകുപ്പു മന്ത്രിയായിരുന്ന കപിൽ മിശ്രയെ, വകുപ്പു കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിസഭയിൽനിന്ന് പുറത്താക്കിയത്. ഇതിനു പിന്നാലെ, മന്ത്രി സത്യേന്ദ്ര ജയിനിൽനിന്ന് കെജ്‍രിവാൾ രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് മിശ്ര രംഗത്തെത്തിയത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.