കോൺഗ്രസ് നേരിടുന്ന തിരിച്ചടി അംഗീകരിക്കുന്നുണ്ടോ?; നേതൃത്വത്തോട് ചോദ്യം ഉന്നയിച്ച് കപിൽ സിബൽ
text_fields
ന്യൂഡൽഹി: നേതൃമാറ്റം അടക്കം സമഗ്രമായ ഉടച്ചുവാർക്കൽ ആവശ്യപ്പെട്ട് 23 നേതാക്കൾ എഴുതിയ കത്തിൽ വിവാദം കോൺഗ്രസിൽ അടങ്ങുന്നില്ല. കത്തെഴുതിയ 23 നേതാക്കൾ വിമർശിക്കപ്പെടുന്ന അവസരത്തിലും കോൺഗ്രസ് നേതൃത്വം ഇടപെട്ടില്ലെന്ന് മുതിർന്ന നേതാവ് കപിൽ സിബൽ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. കോൺഗ്രസിൽ ഉന്നയിച്ച ആവശ്യങ്ങളും ആശങ്കകളും അംഗീകരിച്ചില്ല. കത്തെഴുതിയവർ ആക്രമിക്കപ്പെട്ടപ്പോൾ നേതൃത്വം മൗനം പാലിച്ചെന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി.
23 നേതാക്കൾ ഒരുമിച്ചാണ് കത്തെഴുതിയത്. കത്ത് ഏതെങ്കിലും നേതാക്കൾക്കെതിരെയല്ല. പാർട്ടി ശക്തിപ്പെടണമെന്ന ആഗ്രഹം കൊണ്ടാണ് ഈ ഉദ്യമത്തിൽ ഏർപ്പെട്ടത്. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് കോൺഗ്രസ് നേരിടുന്നത്. ഇക്കാര്യം അംഗീകരിക്കാൻ നേതൃത്വം തയാറാണോ എന്നും കപിൽ സിബൽ ചോദിക്കുന്നു.
പ്രവർത്തക സമിതി യോഗത്തിൽ പോലും തങ്ങൾക്കെതിരെ ഒറ്റക്കെട്ടായി ആക്രമിക്കുകയായിരുന്നു. പാർട്ടിക്കേറ്റ തിരിച്ചടി പരിശോധിക്കണം. കത്തിൽ ചൂണ്ടിക്കാട്ടിയ ആശങ്കകൾ പ്രവർത്തക സമിതി ചർച്ച ചെയ്തില്ല. പാർട്ടിക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു. സ്വന്തം പാർട്ടി ഭരണഘടന പാലിക്കാത്തവർ ബി.ജെ.പിയെ കുറ്റപ്പെടുത്തുന്നുവെന്നും കപിൽ സിബൽ വ്യക്തമാക്കി. കോൺഗ്രസ് നേതൃത്വത്തിന് 23 നേതാക്കൾ കൈമാറിയ കത്തും സിബൽ പുറത്തുവിട്ടു.
നേതൃമാറ്റം അടക്കം സമഗ്രമായ ഉടച്ചു വാർക്കൽ ആവശ്യപ്പെട്ട് ഗുലാം നബി ആസാദ്, കപിൽ സിബൽ, ശശി തരൂർ, ആനന്ദ് ശർമ, മനീഷ് തിവാരി അടക്കമുള്ള മുതിർന്ന നേതാക്കളാണ് കോൺഗ്രസ് നേതൃത്വത്തിന് കത്തെഴുതിയത്. എന്നാൽ, കത്ത് അനവസരത്തിലെന്നാണ് കോൺഗ്രസ് നേതൃനിര വിലയിരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.