'അഭിനന്ദനങ്ങൾ മോദിജി'; ഇന്ത്യയിൽ പട്ടിണി വർധിക്കുന്നതിൽ കേന്ദ്രത്തെ പരിഹസിച്ച് കപിൽ സിബൽ
text_fieldsന്യൂഡൽഹി: രാജ്യത്ത് പട്ടിണി വർധിക്കുന്നുവെന്ന കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കപിൽ സിബൽ. ആഗോള പട്ടിണി സൂചികയിൽ 2020ലെ 94ാം സ്ഥാനത്തുനിന്ന് ഇന്ത്യ ഈ വർഷം 101ാം സ്ഥാനത്തെത്തിയിരുന്നു.
ദാരിദ്ര്യം, പട്ടിണി എന്നിവ തുടച്ചുനീക്കിയെന്നും ഇന്ത്യയെ ആഗോള ശക്തിയാക്കിയെന്നുമുള്ള കേന്ദ്ര സർക്കാറിന്‍റെ അവകാശവാദങ്ങളെ ട്വിറ്റർ പോസ്റ്റിലൂടെയാണ് കോൺഗ്രസ് നേതാവ് പരിഹസിച്ചത്.
116 രാജ്യങ്ങൾ ഉൾപ്പെടുന്ന ആഗോള പട്ടിണി സൂചിക പട്ടികയാണ് പ്രസിദ്ധീകരിച്ചത്. അയൽ രാജ്യങ്ങളായ പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവ പട്ടികയിൽ ഇന്ത്യയേക്കാൾ ഏറെ മുന്നിലാണ്. പാകിസ്താൻ -92, നേപ്പാൾ, ബംഗ്ലാദേശ് എന്നിവ 76ാം സ്ഥാനത്തും മ്യാൻമർ 71ാം സ്ഥാനത്തുമാണ്.
ചൈന, ബ്രസീൽ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങൾ പട്ടികയിലെ ആദ്യ റാങ്കുകളിൽ ഇടംപിടിച്ചു. വ്യാഴാഴ്ചയാണ് വിശപ്പ്, പോഷകാഹാരകുറവ് എന്നിവ നിർണയിക്കുന്ന ആഗോള പട്ടിണി സൂചിക വെബ്സൈറ്റിൽ വിവരങ്ങൾ പങ്കുവെച്ചത്.
പട്ടിണി ഏറ്റവും ഗൗരവമേറിയ 31 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടും. ഇന്ത്യയിൽ വർധിച്ചുവരുന്ന പട്ടിണിയുടെ അളവ് ഭയപ്പെടുത്തുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെ ഗ്ലോബൽ ഹങ്കർ ഇൻഡക്സ് (ജി.എച്ച്.ഐ) 2000ത്തിൽ 38.8 ആയിരുന്നു. 2012 -2021 കാലയളവിൽ ഇത് 28.8 -27.5 എന്നിവയിലെത്തി.
കുട്ടികളിലെ പോഷകാഹാര കുറവ് പട്ടിണി എന്നിവ പരിശോധിക്കുേമ്പാൾ ഏറ്റവും മോശം സ്ഥിതിയിലുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്നും കോവിഡ് മഹാമാരിയെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജനങ്ങളെ കഠിനമായി ബുദ്ധിമുട്ടിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
പോഷകാഹാര കുറവ് ആഗോളതലത്തിൽ വർധിച്ചുവരുന്നു. ഇത് മറ്റു പുരോഗതികൾക്ക് തടസമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. പോഷകാഹാര കുറവിന് പുറമെ ശിശുമരണനിരക്ക്, കുട്ടികളുടെ ഭാരക്കുറവ്, വളർച്ച മുരടിപ്പ് തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണി പട്ടിക കണക്കാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.