‘എവിടേക്കാണ് നമ്മൾ രാജ്യത്തെ കൊണ്ടുപോകുന്നത്?’ അജ്മീർ ദർഗക്കു താഴെ ശിവക്ഷേത്രമുണ്ടെന്ന അവകാശവാദത്തിൽ കപിൽ സിബൽ
text_fieldsന്യൂഡൽഹി: അജ്മീർ ദർഗക്കു താഴെ ശിവക്ഷേത്രമുണ്ടെന്ന ഹിന്ദു സേനയുടെ അവകാശവാദത്തിൽ ആശങ്ക രേഖപ്പെടുത്തി രാജ്യസഭാ എം.പി കപിൽ സിബൽ.
രാജ്യത്ത് നടക്കുന്ന ഇത്തരം സംഭവങ്ങൾ ആശങ്കാജനകമാണെന്ന് കപിൽ പ്രതികരിച്ചു. കേവലം രാഷ്ട്രീയലാഭത്തിന് വേണ്ടി എവിടേക്കാണ് ഈ രാജ്യത്തെ കൊണ്ടുപോകുന്നതെന്നും അദ്ദേഹം ചോദിച്ചു. എക്‌സ്‌പോസ്റ്റിലൂടെയാണ് കപിലിന്‍റെ പ്രതികരണം. അജ്മീറിലെ പ്രശസ്തമായ ഖ്വാജ മുഈനുദ്ദീൻ ചിശ്തിയുടെ ദർഗ ശിവക്ഷേത്രമാണെന്നാണ് ഹിന്ദു ശിവസേനയുടെ അവകാശവാദം. ഇതുമായി ബന്ധപ്പെട്ട് നൽകിയ ഹരജി കോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തു.
ദർഗ കമ്മിറ്റി, ന്യൂനപക്ഷകാര്യ വകുപ്പ്, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്നീ കക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ദർഗ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ശിവക്ഷേത്രം ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു സേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്തയാണ് ഹരജി നൽകിയത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) ഇവിടെ സർവേ നടത്തണമെന്നും അവിടെ ആരാധന നടത്താൻ ഹിന്ദുക്കളെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി.
‘ആശങ്കാജനകം... അജ്മീർ ദർഗക്ക് താഴെ ശിവക്ഷേത്രമുണ്ടെന്നാണ് ഏറ്റവും പുതിയ വാദം. എവിടേക്കാണ് ഈ രാജ്യത്തെ നമ്മൾ കൊണ്ടുപോകുന്നത്? എന്തിനാണ്? കേവലം രാഷ്ട്രീയലാഭത്തിന് വേണ്ടി...’-കപിൽ സിബൽ എക്സിൽ കുറിച്ചു.
ഹരജി ഫയലിൽ സ്വീകരിച്ച കോടതി ദർഗ കമ്മിറ്റിക്കും എ.എസ്.ഐക്കും നോട്ടീസ് അയച്ചിട്ടുണ്ട്. വിഷയത്തിൽ ഡിസംബർ 20ന് വീണ്ടും വാദം കേൾക്കും. ദർഗയെ സങ്കട് മോചൻ മഹാദേവ ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നും ആരാധന നടത്താൻ അനുവദിക്കണമെന്നും ഹരജിയിൽ പറയുന്നു. ഉത്തർപ്രദേശ് സംഭലിൽ ശാഹി ജമാ മസ്ജിദിൽ കോടതി ഉത്തരവിനു പിന്നാലെ സർവേ നടത്താനെത്തിയത് സംഘർഷത്തിൽ കലാശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.