എല്ലാവരും അവരവരെ കുറിച്ച് ചിന്തിക്കണമെന്ന് കപിൽ സിബൽ
text_fieldsന്യൂഡൽഹി: എല്ലാവരും ഒരു ഘട്ടത്തിൽ അവരവരെ കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്ന് കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് കപിൽ സിബൽ. മുന്നോട്ടു പോകുന്നത് എപ്പോഴും ബുദ്ധിമുട്ടേറിയ നടപടിയാണ്. എന്നാൽ എല്ലാവരും ഒരു ഘട്ടത്തിൽ അവരവരെ കുറിച്ച് ചിന്തിക്കണം. എനിക്ക് മുന്നോട്ടുപോകാനും പാർലമെന്റിൽ സ്വതന്ത്ര ശബ്ദമാകാനുമുള്ള സമയമായെന്ന് ഞാൻ കരുതുന്നു. ഒരു പാർട്ടിയുടെയും പ്രഭാവത്തിൽ കടിച്ചു തൂങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും കപിൽ സിബൽ എൻ.ഡി.ടി.വി യോട് പറഞ്ഞു.
നിങ്ങൾ വളരെക്കാലം ഒരു പാർട്ടിക്കൊപ്പം നിൽക്കുകയും അതിന്റെ പ്രത്യയശാസ്ത്രവുമായി ഒത്തുപോവുകയും ചെയ്യുന്നത് എപ്പോഴും ബുദ്ധിമുട്ടാണ്. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ തനിക്ക് സമയമുണ്ടോ എന്ന് ഓരോ വ്യക്തിയും സ്വയം ചിന്തിക്കണം.
2024ലെ ദേശീയ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ കോൺഗ്രസ് ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഒരു വേദിയിൽ കൊണ്ടുവരാൻ താൻ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുൻ കേന്ദ്രമന്ത്രി കൂടിയായ കപിൽ സിബൽ മെയ് 16ന് പാർട്ടിയിൽ നിന്ന് രാജിവെച്ചെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ സമാജ്‌വാദി പാർട്ടിയുടെ പിന്തുണയോടെ രാജ്യസഭയിലേക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയും ചെയ്തു.
ഇത് പെട്ടെന്നുണ്ടായ തീരുമാനമല്ല. അതൊരു തമാശയാകാൻ ഞാൻ ആഗ്രഹിച്ചില്ല. ഇത് ചോർന്നില്ലെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും സിബൽ അഭിപ്രായപ്പെട്ടു. പാർലമെന്റിൽ സ്വതന്ത്ര ശബ്ദമാകാൻ സമയമായെന്ന് മനസിലാക്കി ഞാൻ അഖിലേഷ് യാദവിനെ കണ്ടു. ഒരു പാർട്ടിയുടെയും ഭാഗമാകാതെ, രാജ്യസഭയിലേക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹത്തോട് പറഞ്ഞുവെന്നും സിബൽ വ്യക്തമാക്കി.
രണ്ട് വർഷം മുമ്പ് സോണിയാ ഗാന്ധിക്ക് അയച്ച കത്തിൽ കോൺഗ്രസിൽ സംഘടനാപരമായും നേതൃത്വപരമായും വലിയ മാറ്റങ്ങൾ ആവശ്യപ്പെട്ടിരുന്ന ജി-23 എന്ന 23 വിമതരുടെ ഗ്രൂപ്പിന് പിന്നിലെ പ്രേരകശക്തിയായിരുന്നു സിബൽ.
സിബലിന്റെ രാജി ജി-23 യുടെ അവസാനമാണോ എന്ന ചോദ്യത്തിന്, താൻ ഇനി അതിൽ ഇല്ലെന്നും മറ്റുള്ളവരെല്ലാം തന്റെ സുഹൃത്തുക്കളാണ്, അവർ പാർട്ടിയെ കൂട്ടുപിടിച്ചാലും ഇല്ലെങ്കിലും സുഹൃത്തുക്കളായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം കോൺഗ്രസ് വിടുന്ന അഞ്ചാമത്തെ ഉന്നത നേതാവാണ് കപിൽ സിബൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.