'നിയമം ഇത് അനുവദിക്കുന്നുണ്ടോ?'; ബി.ജെ.പിയുടെ അട്ടിമറി രാഷ്ട്രീയത്തെ രൂക്ഷമായി വിമർശിച്ച് കപിൽ സിബൽ
text_fieldsന്യൂഡൽഹി: കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിപക്ഷ സർക്കാറുകളെ അട്ടിമറിച്ച ബി.ജെ.പി നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി രാജ്യസഭ എം.പി കപിൽ സിബൽ. ബി.ജെ.പിയുടെ ഇത്തരം കുതന്ത്രങ്ങൾക്കെതിരെ സുപ്രീം കോടതി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിൽ എൻ.സി.പി നേതാവ് അജിത് പവാറും ഒമ്പത് എം.എൽ.എമാരും ശിവസേന-ബി.ജെ.പി സഖ്യസർക്കാരിന്‍റെ ഭാഗമായതിന് പിന്നാലെ
ബി.ജെ.പി അട്ടിമറിച്ച സർക്കാറുകളെ പരാമർശിക്കുന്ന ട്വീറ്റിലൂടെയായിരുന്നു സിബലിന്‍റെ വിമർശനം.
"ബി.ജെ.പി അധികാരത്തിന്‍റെ പ്രേരണയാൽ താഴെപ്പറയുന്ന തെരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ സർക്കാറുകളെ അട്ടിമറിച്ചു. ഉത്തരാഖണ്ഡ് (2016), അരുണാചൽ പ്രദേശ് (2016), കർണാടക (2019), മധ്യപ്രദേശ് (2020), മഹാരാഷ്ട്ര (2022). നിയമം അപ്പോൾ ഇത് അനുവദിക്കുന്നുണ്ടോ? വിഷയം ഇനി സുപ്രീം കോടതി പരിഗണിക്കട്ടെ" - സിബൽ ട്വിറ്ററിൽ കുറിച്ചു.
അജിത് പവാർ ഏക്നാഥ് ഷിൻഡെ സർക്കാറിന്‍റെ ഭാഗമായതിനെ വിമർശിച്ച് കപിൽ സിബൽ നേരത്തെ രംഗത്തെത്തിയിരുന്നു. ആദ്യം അഴിമതിക്കാരെ ആക്രമിക്കുക. പിന്നെ ഇതേ അഴിമതിക്കാരെ ചേർത്തുപിടിക്കുക. ആദ്യം അവർക്കെതിരായ അന്വേഷണത്തിന് ഗ്യാരന്‍റി നൽകുക. പിന്നീട് അവരുടെ പിന്തുണക്ക് വാറന്‍റി നൽകുക എന്നതാണ് ബി.ജെ.പിയുടെ രീതിയെന്ന് സിബൽ പറഞ്ഞിരുന്നു. അന്വേഷണം ദുർബലമാണ്. അതുകൊണ്ട് ഇ.ഡിയെയോ, സി.ബി.ഐയെയോ പേടിക്കേണ്ടതില്ലെന്നും കപിൽ സിബൽ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമായിരുന്നു എൻ.സി.പി നേതാവ് അജിത് പവാറും ഒമ്പത് എം.എൽ.എമാരും ഷിൻഡെ സർക്കാരിനൊപ്പം ചേർന്നത്. രാജ്യത്ത് പ്രതിപക്ഷ ഐക്യത്തിന് ശ്രമിക്കുന്നതിനിടെയാണിത്. സഖ്യസർക്കാരുമായി ചേർന്നതിന് പിന്നാലെ അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.