'രാമക്ഷേത്രം നിർമിക്കുന്നത് രാഷ്ട്രീയമാണ്, സനാതനത്തിനെതിരെ പ്രവർത്തിക്കുന്നവർ എങ്ങനെ അതിന്‍റെ സംരക്ഷകരാകും'; ബി.ജെ.പിക്കെതിരെ കപിൽ സിബൽ
text_fieldsന്യൂഡൽഹി: സനാതനധർമ പരാമർശത്തിൽ ബി.ജെ.പി ആക്രമണം ശക്തമാക്കിയതോടെ ബി.ജെ.പിക്കെതിരെ കനത്ത മറുപടിയുമായി കപിൽ സിബൽ എം.പി. ഹിന്ദുത്വത്തിന്‍റേയും സനാതനത്തിന്‍റേയും സംരക്ഷകരാണ് തങ്ങളെന്ന് ബി.ജെ.പിക്ക് പറയാനാകില്ല. മണിപ്പൂർ കലാപം, ബ്രിജ്ഭൂഷൺ സിങ്ങിനെതിരായ ലൈംഗികാരോപണം തുടങ്ങിയ വിഷയങ്ങളിൽ ബി.ജെ.പി സ്വീകരിച്ച നിലപാടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
"ബി.ജെ.പി ശരിക്കും സനാതനധർമത്തിന്‍റെ സംരക്ഷകരാണോ? സനാതനധർമത്തിന്‍റെ ആശയം സത്യസന്ധതയും, ആരെയും ദ്രോഹിക്കാതിരിക്കുകയും, വിശുദ്ധിയും, ക്ഷമയും, സഹായിക്കലുമാണ്. പ്രവർത്തികൾ നേർവിപരീതമാകുന്ന ബി.ജെ.പിക്ക് എപ്പോഴെങ്കിലും സനാതനധർമത്തെ സംരക്ഷിക്കാനാകുമോ? വനിതാ ഗുസ്തിതാരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച വ്യക്തിയെ സംരക്ഷിക്കുന്നത് സനാതനത്തിന് യോജിച്ചതാണോ? മണിപ്പൂരിൽ നടക്കുന്ന പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കാതെ നിശബ്ദത പാലിക്കുന്നത് സനാതനത്തിന് ചേർന്നതാണോ? രാമക്ഷേത്രം നിർമിച്ചത് കൊണ്ട് മാത്രം രാമഭക്തനാകുമെന്നാണോ? രാമക്ഷേത്രം നിർമിക്കുന്നത് വിശ്വാസം കൊണ്ടല്ല, അത് രാഷ്ട്രീയമാണ്. ഒരു സനാതന വിശ്വാസിക്കുണ്ടായിരിക്കേണ്ട എന്ന ഗുണമാണി നിങ്ങൾക്കുള്ളതെന്ന് ജനങ്ങളോട് പറയാൻ ഞാൻ നിങ്ങളെ വെല്ലുവിളിക്കുകയാണ്" - കപിൽ സിബൽ പറഞ്ഞു.
ഡി.എം.കെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍റെ സവനാതനധർമ പരാമർശത്തിൽ ബി.ജെ.പിയുടെ അക്രമണം തുടരുകയാണ്. സനാതനധർമം ഡെങ്കി, മലേറിയ എന്നിവയെപ്പോലെ ഒരു പകർച്ചവ്യാധിയാണെന്നും അത് ഉന്മൂലനം ചെയ്യണമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. നിരവധി രാഷ്ട്രീയ പാർട്ടികൾ പരാമർശത്തെ അപലപിച്ചും അനുകൂലിച്ചും രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.