മണിപ്പൂർ കലാപം, മഹാരാഷ്ട്ര തീവണ്ടി വെടിവെപ്പ്, ഹരിയാന കലാപം; ഇതാണോ മോദി പറഞ്ഞ അച്ഛേ ദിൻ - കപിൽ സിബൽ
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാജ്യസഭാ എം.പി കപിൽ സിബൽ. മണിപ്പൂർ കലാപം, ഹരിയാനയിലെ സംഘർഷം, മഹാരാഷ്ട്രയിൽ വെടിവെപ്പ് തുടങ്ങിയവയാണോ മോദി ഉറപ്പ് നൽകിയ 'അച്ഛേദിൻ' എന്നും ഇന്ന് രാജ്യത്ത് നടക്കുന്നത് വെറുപ്പിന്‍റെ രാഷ്ട്രീയമാണെന്നും സിബൽ പറഞ്ഞു.
ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം. ആർ.പി.എഫ് കോൺസ്റ്റബിൾ ചേതൻ സിംഗ് (33) സീനിയർ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ ടീക്കാറാം മീണയുൾപ്പെടെ മൂന്ന് പേരെ മുംബൈയിലെ പൽഘാർ സ്റ്റേഷനിൽ വെച്ച് വെടിവെച്ചുകൊന്നു. ഹരിയാനയിൽ നൂഹിലുണ്ടായ സംഘർഷം സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി വ്യാപിച്ചതിന് പിന്നാലെ അക്രമികൾ രാത്രി മുസ്ലിം പള്ളിക്ക് തീയിടുകയും ഇമാമിനെ ചുട്ടെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. രണ്ട് മാസക്കാലമായി മണിപ്പൂരിൽ വർഗീയ കലാപം തുടരുകയാണ്. മെയ് 3ന് മെയ്തെയ് വിഭാഗത്തിന് പട്ടികവർഗ പദവി നൽകുന്നതിനെ ചൊല്ലിയുള്ള തർക്കം ഇപ്പോഴും തുടരുകയാണ്. ഇതുവരെ നീറിലധികം പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്.
സമീപകാലത്ത് നടന്ന വിദ്വേഷ സംഭവങ്ങളെ കോർത്തിണക്കി വെറുപ്പിന്‍റെ രാഷ്ട്രീയം എന്ന തലക്കെട്ടോടെയായിരുന്നു സിബലിന്‍റെ ട്വീറ്റ്.
'വെറുപ്പിന്‍റെ രാഷ്ട്രീയം
ജയ്പൂർ-മുംബൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ ആർ.പി.എഫ് ജവാന്‍റെ വെടിയേറ്റ് നാല് പേർ കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയത് അവരുടെ ജാതി കാരണമെന്ന് റിപ്പോർട്ട്. കടകളും പള്ളികളും തകർത്തു; ഇമാമിനെ കൊലപ്പെടുത്തി. ഇതിന് പുറമെ മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ അതിക്രമം നടത്താൻ പൊലീസിന്‍റെ പൂർണ പിന്തുണയും.
ഇതാണോ അച്ഛേദിൻ?' - കപിൽ സിബൽ ട്വിറ്റിൽ കുറിച്ചു.
യു.പി.എ 1,2 ഭരണകാലത്ത് കേന്ദ്ര മന്ത്രിയായിരുന്ന സിബൽ കഴിഞ്ഞ വർഷം മേയിൽ ആയിരുന്നു കോൺഗ്രസിൽ നിന്നും രാജിവെച്ചത്. പിന്നീട് സമാജ് വാദി പാർട്ടിയുടെ പിന്തുണയോടെ സ്വതന്ത്രസ്ഥാനാർത്ഥിയായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. രാജ്യത്തെ അനീതിക്കെതിരെ പോരാടാൻ സിബൽ 'ഇൻസാഫ്' എന്ന പദ്ധതി ആരംഭിച്ചിരുന്നു. ഇൻസാഫ് രാഷ്ട്രീയ പാർട്ടിയാകില്ലെന്നും സിബൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.