കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യത്തിൽ ഇ.ഡി രാഷ്ട്രീയം കളിക്കുന്നു -കപിൽ സിബൽ
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യ വിഷയത്തിൽ ഇ.ഡി രാഷ്ട്രീയം കളിക്കുകയാണെന്ന് രാജ്യസഭാ എം.പി കപിൽ സിബൽ. ബി.ജെ.പിയിൽ ചേർന്ന ഹാർദിക് പട്ടേൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം എങ്ങനെയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് അറിയണമെന്നും അദ്ദേഹം പറഞ്ഞു.
"ഇന്നലെ ഇ.ഡി സുപ്രീംകോടതിയിൽ തങ്ങളുടെ ഭാഗം അവതരിപ്പിച്ചുകൊണ്ട് അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകേണ്ടതില്ലെന്ന് പറഞ്ഞു. പ്രചാരണത്തിനുള്ള അവകാശം നിയമപരമായ അവകാശമാണ്, ഭരണഘടനാപരമായ അവകാശമല്ലെന്നതാണ് കാരണം. അത് ശരിയാണ്. എന്നാൽ ആരെങ്കിലും ശിക്ഷിക്കപ്പെടുകയും ശിക്ഷ സ്റ്റേ ചെയ്യുന്നുവെന്ന് കോടതി പറയുകയും ചെയ്താൽ അയാൾക്ക് പ്രചാരണത്തിൽ പങ്കെടുക്കാമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു" -കബിൽ സിബൽ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
ഹാർദിക് പട്ടേൽ എങ്ങനെയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് അവരോട് ചോദിക്കൂ. ഹാർദിക് പട്ടേൽ ശിക്ഷിക്കപ്പെട്ടയാളാണ്. ഹൈകോടതി അത് സ്റ്റേ ചെയ്തു, ഹാർദിക് തെരഞ്ഞെടുപ്പിൽ മത്സരിച്ചു. എന്നാൽ വെറും കുറ്റാരോപിതൻ മാത്രമായ ഒരാളുടെ തടവിന് സ്റ്റേ നൽകാൻ കഴിയുന്നില്ലെന്നും ഇ.ഡി എന്ത് രാഷ്ട്രീയമാണ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യത്തിൽ സുപ്രീംകോടതി ഇന്ന് വിധി പറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.