‘മോദീ..നിങ്ങൾ പ്രധാനമന്ത്രിയാണ്, പ്രചാരക് അല്ല’ -വിദ്വേഷ പ്രസ്താവനകൾക്ക് തെരഞ്ഞെടുപ്പ് കമീഷൻ ‘പൂട്ട്’ ഇടണമെന്ന് കപിൽ സിബൽ
text_fieldsന്യൂഡൽഹി: ‘അയോധ്യയിലെ രാമക്ഷേത്രത്തിന് ബാബരി പൂട്ട് വീഴാതിരിക്കാൻ ബി.ജെ.പിക്ക് 400 സീറ്റ് വേണ’മെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പരാമർശത്തിനെതിരെ രാജ്യസഭ എം.പിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നഗ്നമായി ലംഘിക്കുന്ന ഇത്തരം പ്രസ്താവനകൾക്കെതിരെ മൗനം പാലിക്കുന്ന തെരഞ്ഞെടുപ്പ് കമീഷനെയും കപിൽ സിബൽ വിമർശിച്ചു. ഇത്തരം പ്രസ്താവനകൾ നടത്തുന്ന നേതാക്കന്മാർക്ക് പൂട്ടിടാനാണ് തെരഞ്ഞെടുപ്പ് കമീഷൻ ധൈര്യം കാട്ടേണ്ടതെന്ന് വാർത്ത ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
‘മോദിജീ...നിങ്ങൾക്ക് നല്ലതൊന്നും പറയാനില്ലേ’ എന്ന് ചോദിച്ച കപിൽ സിബൽ, ‘നിങ്ങൾ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്, അല്ലാതെ പ്രചാരക് അല്ല’ എന്നും ഓർമിപ്പിച്ചു.
‘രാമക്ഷേത്രത്തിന് ബാബരി പൂട്ടിടുകയെന്നത് സാധ്യമാണോ? ഇതൊരു പ്രവചനമാണോ, അതിന് സാധ്യതയുണ്ടോ എന്നതൊക്കെ പ്രധാനമന്ത്രിയോട് തന്നെയാണ് ചോദിക്കേണ്ടത്. ഇത്തരം പ്രസ്താവനകൾക്ക് പൂട്ടിടാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമീഷനിൽ നിക്ഷിപ്തമാണ്. എന്നാൽ, അവർ ഒന്നും ചെയ്യുന്നില്ല. ഈ പ്രസ്താവന മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ വ്യക്തമായ ലംഘനമാണ്. താരപ്രചാരകരുടെ ഇത്തരം പ്രസ്താവനകൾക്ക് പൂട്ട് ഇടാനുള്ള അധികാരം കൈയിലുണ്ടായിട്ടും തെരഞ്ഞെടുപ്പ് കമീഷന് അതിനുള്ള ധൈര്യമില്ല. ഈ ദിവസങ്ങളിൽ ‘പരിവാറി’ന്റെ ഭാഗമായപോലെയാണ് അവർ പ്രവർത്തിക്കുന്നത്. തെരഞ്ഞെടുപ്പ്കാലത്ത് അവർ ആ കുടുംബത്തിന്റെ ഭാഗമാകുന്നു. എല്ലാ സ്വതന്ത്ര ഏജൻസികളും ഈ ദിവസങ്ങളിൽ ‘കുടുംബ’ത്തിനൊപ്പമാണ്.’
‘വോട്ട് ജിഹാദി’ന് ഒപ്പമാണോ ‘രാമരാജ്യ’ത്തിന് ഒപ്പമാണോ എന്ന് തീരുമാനിക്കണമെന്ന് തെരഞ്ഞെടുപ്പ് റാലിയിൽ മോദി ജനങ്ങളോട് പറയുന്നു. എന്തൊരു പ്രസ്താവനയാണിത്? ഇത് ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിലെത്താൻ സഹായകമാകുമോ? താൻ എന്തിനൊപ്പം നിൽക്കുന്നുവെന്ന് അവകാശപ്പെടുന്നോ, അതിന് നേർവിപരീതമായാണ് മോദിയുടെ പൊതുപ്രസ്താവനകൾ. ഇത് നിർഭാഗ്യകരമാണ്. നിങ്ങൾ ലോകത്തെ ഏറ്റവും വലിയ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ഇത്തരം പ്രസ്താവനകളൊന്നും നമ്മെ വികസിത ഭാരതം ആക്കില്ല’ -സിബൽ പറഞ്ഞു.
കോൺഗ്രസ് അധികാരത്തിൽ വന്നാൽ സ്ത്രീകളുടെ കെട്ടുതാലി പിടിച്ചുപറിക്കുമെന്നതുൾപ്പെടെയുള്ള മോദിയുടെ വിദ്വേഷ പ്രസ്താവനകൾക്കെതിരെ ഒരു നോട്ടീസ് പോലും അയക്കാത്ത തെരഞ്ഞെടുപ്പ് കമീഷനെതിരെ കപിൽ സിബൽ ആഞ്ഞടിച്ചു. ‘കമീഷൻ ഇതിൽ ഒരു നടപടിയും എടുക്കുന്നില്ല. എടുക്കുമെന്നും കരുതുന്നില്ല. സർക്കാറിനും അദ്ദേഹത്തിന്റെ പാർട്ടിക്കും വിധേയപ്പെട്ട് പ്രവർത്തിക്കുകയാണവർ. വിദ്വേഷ പരാമർശം നടത്തിയ ആൾക്ക് നോട്ടീസ് നൽകാതെ അദ്ദേഹത്തിന്റെ പാർട്ടിക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്. എന്തുകൊണ്ടാണ് അദ്ദേഹത്തിന് നോട്ടീസ് അയക്കാത്തത്? ഇലക്ഷൻ കമീഷനിൽനിന്ന് ഇതിൽകൂടുതൽ എന്തു പ്രതീക്ഷിക്കണം? കമീഷൻ തങ്ങളുടെ പവിത്രമായ ചുമതലകൾ നിർവഹിക്കുന്നില്ലെന്നത് നാണക്കേടാണ്’. -കപിൽ സിബൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.