'യൂണിഫോമി'ൽ ഹിന്ദുക്കളും ഉൾപ്പെടുന്നുണ്ടോ?; ഏകീകൃത സിവിൽ കോഡിൽ പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി കപിൽ സിബൽ
text_fieldsന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് മുൻ കേന്ദ്ര നിയമമന്ത്രി കപിൽ സിബൽ. "യൂണിഫോം" എങ്ങനെയാണെന്നും ഹിന്ദുക്കളെയും ഗോത്രവർഗക്കാരെയും വടക്കുകിഴക്കൻ പ്രദേശങ്ങളിലുള്ളവരെയും ഇത് ഉൾക്കൊള്ളുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ഒൻപത് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ എന്തുകൊണ്ടാണ് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സർക്കാർ തീവ്ര ശ്രമം നടത്തുന്നത് എന്ന് രാജ്യസഭ എം.പി കൂടിയായ കപിൽ സിബൽ ചോദിച്ചു.
"പ്രധാനമന്ത്രി ഏകീകൃത സിവിൽ കോഡ് എന്ന ആവശ്യത്തെ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്നു. മുസ്‌ലിംങ്ങളെ പ്രകോപിപ്പിക്കാൻ കോൺഗ്രസ് ഈ വിഷയം മുതലെടുക്കുകയാണ് എന്ന് പ്രസ്താവിക്കുന്നു. ചോദ്യങ്ങൾ ഇതാണ് : 1) ഒൻപത് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ എന്തിന്? 2) നിങ്ങളുടെ 'യൂണിഫോം' എത്രത്തോളമാണ്? അത് ഹിന്ദുക്കളെയും, ഗോത്രവർഗങ്ങളെയും, വടക്കുകിഴക്കൻ പ്രദേശങ്ങളെയും ഉൾപ്പെടുത്തുന്നുണ്ടോ. 3) എല്ലാ ദിവസവും നിങ്ങളുടെ പാർട്ടി മുസ്ലിംകളെ വേട്ടയാടുന്നുണ്ട്. എന്തുകൊണ്ട് ?"- കപിൽ സിബൽ ട്വിറ്ററിൽ കുറിച്ചു.
വിഷയത്തിൽ പൊതുജനങ്ങളിൽ നിന്നും അംഗീകൃത മത സംഘടനകളിൽ നിന്നും ജൂൺ 14ന് ലോ കമ്മീഷൻ അഭിപ്രായങ്ങൾ ക്ഷണിച്ചിരുന്നു. മതത്തെ അടിസ്ഥാനമാക്കിയുള്ളതല്ലാത്ത രാജ്യത്തെ എല്ലാ പൗരന്മാർക്കുമുള്ള ഒരു പൊതു നിയമം എന്നാണ് യൂണിഫോം സിവിൽ കോഡ് അർഥമാക്കുന്നത്. അനന്തരാവകാശം, ദത്തെടുക്കൽ, പിന്തുടർച്ചാവകാശം എന്നിവയുമായി ബന്ധപ്പെട്ട വ്യക്തിഗത നിയമങ്ങളും ഈ നിയമത്തിന് കീഴിൽ വരും.
ഏകീകൃത സിവിൽ കോഡിനായി ശക്തമായി വാദിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. ഭരണഘടന എല്ലാ പൗരന്മാർക്കും തുല്യ അവകാശങ്ങൾ ആവശ്യപ്പെടുന്നുണ്ടെന്നായിരുന്നു ചൊവ്വാഴ്ച ഭോപ്പാലിൽ ബി.ജെ.പി പ്രവർത്തകരെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞത്. യൂണിഫോം സിവിൽ കോഡ് വിഷയം മുസ്ലിംകളെ തെറ്റിദ്ധരിപ്പിക്കാനും പ്രകോപിപ്പിക്കാനും പ്രതിപക്ഷം ആയുധമാക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.