'അടുത്ത ചീഫ് ജസ്റ്റിസ് രാഷ്ട്രീയ പ്രാധാന്യമുള്ള പല കേസുകളിലും നിരാശപ്പെടുത്തിയ ജഡ്ജി'
text_fieldsന്യൂഡൽഹി: രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളിൽ പലപ്പോഴും നിരാശപ്പെടുത്തിയ ജഡ്ജിയാണ് അടുത്ത ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ മുൻ പ്രസിഡന്റും മുതിർന്ന അഭിഭാഷകനുമായ ദുഷ്യന്ത് ദവെ അഭിപ്രായപ്പെട്ടു. ജഡ്ജി ലോയയുടെ ദുരൂഹ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട കേസിൽ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധി അങ്ങേയറ്റം നിരാശപ്പെടുത്തിയെന്ന് ദവെ പറഞ്ഞു. ജസ്റ്റിസ് ചന്ദ്രചൂഡ് ഉൾപ്പെട്ട ബെഞ്ച് നിരാശപ്പെടുത്തിയ അയോധ്യ വിധി എഴുതിയത് തന്നെ അദ്ദേഹമാണെന്ന് പലരും വിശ്വസിക്കുന്നുണ്ടെന്നും ദവെ കൂട്ടിച്ചേർത്തു. രാജ്യം ഇന്നെത്തിപ്പെട്ട സ്ഥിതി വിശേഷത്തിൽ ഇത്തരം കേസുകൾക്ക് പ്രാധാന്യമുണ്ടെന്നും ഇത്തരമൊരു പശ്ചാത്തലത്തിലാണ് അദ്ദേഹം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആകുന്നതെന്നും ദവെ വ്യക്തമാക്കി.
പ്രമുഖ മാധ്യമ പ്രവർത്തകൻ കരൺ ഥാപ്പറുമായി 'ദി വയറി'ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ദവെയുടെ തുറന്ന അഭിപ്രായ പ്രകടനം. ജസ്റ്റിസ് ചന്ദ്രചൂഡ് നിരാശപ്പെടുത്തിയ മറ്റു കോടതി വിധികളും ദുഷ്യന്ത് ദവെ എണ്ണിപ്പറഞ്ഞു. ഹാദിയ കേസാണ് ഒന്ന്. താൻ സ്നേഹിക്കുന്ന മനുഷ്യനൊപ്പം പോകാൻ തന്നെ അനുവദിക്കണമെന്ന് കോടതിയിൽ വന്ന് ഹാദിയ ആവശ്യപ്പെട്ടപ്പോൾ ജസ്റ്റിസ് ചന്ദ്രചൂഡും ജസ്റ്റിസ് കേഹാറും പ്രേമവിവാഹത്തെക്കുറിച്ച് എൻ.ഐ.എ അന്വേഷണത്തിനുത്തരവിട്ടു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ ഭാരവാഹി സ്ഥാനത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാക്ക് തുടരാനായി ബി.സി.സി.ഐ ഭരണഘടന ഭേദഗതി ചെയ്യാൻ പുറപ്പെടുവിച്ച വിധിയാണ് നിരാശപ്പെടുത്തിയ മറ്റൊന്ന്. അയോധ്യ കേസിലെ നിരാശപ്പെടുത്തിയ വിധി പറഞ്ഞ ബെഞ്ചിൽ ജസ്റ്റിസ് ചന്ദ്രചൂഡ് ഉണ്ടായിരുന്നു. ആ വിധി പ്രസ്താവന എഴുതിയത് ആരാണെന്നത് ആധികാരമായി വ്യക്തമാക്കിയിട്ടില്ല. എന്നാൽ ജസ്റ്റിസ് ചന്ദ്രചൂഡ് ആണ് അതെഴുതിയത് എന്നാണ് പലരും കരുതുന്നത്.
അസാധാരണമായ വെല്ലുവിളികൾ നിറഞ്ഞ കാലമാണിത്. ഭരണകൂടം അമിതാധികാരത്തിലാണ്. സ്വേഛാധിപത്യം ദിവസവുമേറി വരുന്നു. ജനാധിപത്യം അപകടത്തിലാണ്. അതിനാൽ സുപ്രീംകോടതിയുടെയും ചീഫ് ജസ്റ്റിസിന്റെയും പങ്ക് സുപ്രധാനമാണ്. ചീഫ് ജസ്റ്റിസ് ഠാക്കൂർ 2017ൽ വിരമിച്ച ശേഷം സുപ്രീംകോടതി താഴേക്ക് പോന്നു. കോടതി ഭരണകൂടത്തിന് കീഴടങ്ങി. ഊർജസ്വലമായ ജനാധിപത്യത്തിന് ഇവയെല്ലാം ഭീതിജനകമായ അടയാളങ്ങളാണ്. ജനാധിപത്യം ക്ഷയിക്കുന്നത് തടയാൻ സുപ്രീംകോടതിക്ക് കഴിയും. അതിൽ സുപ്രീംകോടതിയുടെയും ചീഫ് ജസ്റ്റിസിന്റെയും റോൾ സുപ്രധാനമാണ്.
2020 ഫെബ്രുവരിയിൽ പി.ഡി ദേശായി അനുസ്മരണ പ്രഭാഷണം നടത്തിയ ജസ്റ്റിസ് ചന്ദ്രചൂഡ് വിയോജിപ്പ് ജനാധിപത്യത്തിന്റെ സേഫ്റ്റി വാൾവാണെന്ന് പറഞ്ഞിരുന്നു. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയിലെത്തിയാൽ ജസ്റ്റിസ് ചന്ദ്രചൂഡ് ഹിമാചൽ പ്രദേശ്, കൽക്കത്ത, ബോംബെ ഹൈകോടതികളിൽ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് പി.സി ദേശായിയെ മാതൃകയാക്കണമെന്ന് ദവെ ആവശ്യപ്പെട്ടു. നികുതി കേസുകളിലും ക്രിമിനൽ കേസുകളിലും അസാധാരണമാം വിധം യാഥാസ്ഥികനാണ് ജസ്റ്റിസ് ചന്ദ്രചൂഡ് എന്നും ദവെ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.