കരൗലി വർഗീയ സംഘർഷം: കലാപങ്ങൾക്ക് പിന്നിൽ ബി.ജെ.പി നയങ്ങളെ പിന്തുണക്കുന്നവരെന്ന് ഗെഹ്ലോട്ട്
text_fieldsജയ്പൂർ: രാജസ്ഥാനിലെ കരൗലി ജില്ലയിൽ നടന്ന വർഗീയ സംഘർഷവുമായി ബന്ധപ്പെട്ട് 30 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് കർഫ്യു പ്രഖ്യാപിക്കുകയും ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തുകയും ചെയ്തതോടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായെന്ന് പൊലീസ് അറിയിച്ചു.
ജാതിയുടെയും മതത്തിന്റെയും പേരിൽ നടക്കുന്ന വർഗീയ സംഘർഷത്തിന് പിന്നിൽ കേന്ദ്ര സർക്കാർ നയങ്ങളെ പിന്തുണക്കുന്ന ശക്തികളാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം രാജ്യത്ത് സംഘർഷഭരിതമായ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജാതിയുടെ പേരിൽ വിഭാഗീയത സൃഷ്ടിക്കുന്നതിനെ അപലപിക്കണമെന്നും കലാപങ്ങൾ ശരിയല്ലെന്ന് പ്രഖ്യാപിക്കണമെന്നും ഗെഹ്ലോട്ട് ആവശ്യപ്പെട്ടു. അക്രമസംഭവങ്ങളിൽ പ്രതികരിക്കുന്നതിനോടൊപ്പം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഭരണ ശൈലിയെയും അദ്ദേഹം വിമർശിച്ചു.
രാജസ്ഥാനിലെ കരൗലി മേഖലയിൽ ശനിയാഴ്ച 'നവ് സംവത്സര'ത്തോടനുബന്ധിച്ച് നടന്ന റാലിക്കിടെയാണ് വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. റാലിക്കിടെ കല്ലേറുണ്ടായതിനെ തുടർന്ന് 25ഓളം ആളുകൾക്ക് പരിക്കേറ്റു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഡി.ജി.പിക്ക് നിർദേശം നൽകിയിരുന്നു. കൂടുതൽ അന്വേഷണം തുടരുകയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.