'തൈമൂറും ജെഹും സുരക്ഷിതർ'; ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് കരീന കപൂർ
text_fieldsമുംബൈ: വ്യാഴാഴ്ച പുലർച്ചെ തങ്ങളുടെ വീട്ടിൽ നടന്ന ആക്രമണത്തിൽ പ്രതികരിച്ച് സെയ്ഫ് അലി ഖാൻെറ ഭാര്യയും നടിയുമായ കരീന കപൂർ. തങ്ങളുടെ മക്കളായ എട്ടു വയസുള്ള തൈമൂർ അലി ഖാനും നാല് വയസുകാരൻ ജെഹ് അലി ഖാനും ഉൾപ്പെടെയുള്ള മറ്റ് കുടുംബാംഗങ്ങൾ സുരക്ഷിതരാണെന്ന് അവർ സമൂഹമാധ്യമത്തിലെ പോസ്റ്റിൽ വ്യക്തമാക്കി. പരിക്കേറ്റ സെയ്ഫ് അലി ഖാന്റെ ആരോഗ്യം ഭേദപ്പെട്ടു വരികയാണെന്നും അവർ അറിയിച്ചു.
'ഇന്നലെ വീട്ടിൽ മോഷണശ്രമം നടന്നിരുന്നു. അതിനിടെ സെയ്ഫിന് പരിക്കേറ്റു, അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബത്തിലെ ബാക്കിയുള്ളവർ സുഖമായിരിക്കുന്നു. മാധ്യമങ്ങളും ആരാധകരും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ഞങ്ങൾ അഭ്യർഥിക്കുന്നു. പൊലീസ് അന്വേഷണം നടത്തിവരികയാണ്. എല്ലാവർക്കും നന്ദി.' കരീനയുടെ ടീം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. മോഷണം നടക്കുമ്പോൾ കരീന വീട്ടിൽ ഉണ്ടായിരുന്നോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസത്തെ അവരുടെ ഇൻസ്റ്റഗ്രാം സ്റ്റോറി സൂചിപ്പിക്കുന്നത് അവർ ഒരു ഡിന്നർ പാർട്ടിയിൽ പങ്കെടുക്കുകയായിരുന്നു എന്നാണ്.
മുറിവുകളിലൊന്ന് നട്ടെല്ലിനോട് ചേർന്നായിരുന്നുവെന്നും, ഇത് ആശങ്കയുണ്ടാക്കിയെന്നും ലീലാവതി ഹോസ്പിറ്റലിലെ ഡോ. ജലീൽ പാർക്കർ പറഞ്ഞു. നടൻ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഇപ്പോൾ സുഖം പ്രാപിച്ചുവരുന്നു. ബാന്ദ്രയിലെ വീട്ടിൽ വെച്ച് അജ്ഞാതൻ പരിക്കേൽപ്പിച്ച സെയ്ഫ് അലി ഖാനെ പുലർച്ചെ 3:30 നാണ് ആശുപത്രിയിൽ കൊണ്ടുവന്നത് എന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച രാവിലെ മുംബൈയിലെ വസതിയിൽ അതിക്രമിച്ചു കയറിയ ആളാണ് നടനെ സാരമായി കുത്തി പരിക്കേൽപ്പിച്ചത്. ആഴത്തിലുള്ള രണ്ട് മുറിവുകൾ ഉൾപ്പെടെ ആറ് മുറിവുകളാണ് താരത്തിൻെറ ദേഹത്തുണ്ടായിരുന്നത്. അതിലൊന്ന് നട്ടെല്ലിനോട് ചേർന്ന് അപകടകരമായിരുന്നു. നിലവിൽ താരം ആശുപത്രിയിൽ ചികിത്സയിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.