ആധാർ നിർബന്ധമെന്ന് ആശുപത്രി; കാർഗിൽ വിധവ ചികിത്സ കിട്ടാതെ മരിച്ചു
text_fieldsറോത്തക്(ഹരിയാന): ആധാർ കാർഡ് വേണമെന്ന ആശുപത്രി അധികൃതരുടെ നിർബന്ധം മൂലം അടിയന്തര ചികിത്സ ലഭിക്കാതെ കാർഗിൽ വിധവക്ക് ദാരുണാന്ത്യം. കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട ഹവിൽദാർ ലക്ഷ്മൺ ദാസിെൻറ ഭാര്യ ശകുന്തള ദേവി(55) യാണ് വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങിയത്.
സോനിപതിലെ തുലിപ് ആശുപത്രി അധികൃതരാണ് രോഗിക്ക് ആധാർ കാർഡിെൻറ യഥാർഥ പകർപ്പുതന്നെ വേണമെന്ന് ശാഠ്യം പിടിച്ചത്. വാട്സ്ആപ്പിലൂടെ ലഭിച്ച 12 അക്ക ആധാർ നമ്പർ നൽകിയെങ്കിലും ആശുപത്രി അധികൃതർ അത് സ്വീകരിച്ചില്ലെന്ന് ശകുന്തള ദേവിയുടെ മകൻ പവൻ കുമാർ ബല്യാൻ പറഞ്ഞു. 1999 ജൂൺ ഒമ്പതിന് കാർഗിലിലെ മുസ്കോഹ് താഴ്വരയിൽ ശത്രുസൈന്യവുമായി ഏറ്റുമുട്ടിയാണ് എട്ടാം ജാട്ട് റെജിമെൻറിലെ സൈനികനായിരുന്ന ഹവിൽദാർ ലക്ഷ്മൺ ദാസ് മരണമടഞ്ഞത്.
തൊണ്ടയിൽ അർബുദത്തിനൊപ്പം ഹൃദ്രോഗിയുമായിരുന്നു മാതാവെന്ന് ബല്യാൻ പറഞ്ഞു. അസുഖം കൂടിയപ്പോൾ സോനിപതിലെ സൈനിക (ഇ.സി.എച്ച്.എസ്) ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. അവിടെ നിന്ന് തുലിപ് ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ തുലിപിൽ വന്നപ്പോഴാണ് ആധാറിനെച്ചൊല്ലി തർക്കമുണ്ടായത്. മാനേജ്മെൻറിെൻറ ഉയർന്ന ആരെയെങ്കിലും വിളിക്കാൻ ആവശ്യപ്പെട്ടപ്പോൾ മധ്യവയസ്കയായ ഒരു സ്ത്രീ വന്ന് ആധാർ ആവശ്യം ആവർത്തിച്ചു. അപ്പോഴെല്ലാം മാതാവ് ശകുന്തള ദേവി വേദനകൊണ്ട് പുളയുകയായിരുന്നുവെന്ന് ബല്യാൻ പറഞ്ഞു.
ഒന്നര മണിക്കൂറിലേറെ ആശുപത്രി അധികൃതരുമായി തർക്കമുണ്ടായി. ഒടുവിൽ അവർ പൊലീസിനെ വിളിച്ചപ്പോൾ താൻ മാതാവിനെയുമായി ആദ്യം പോയ സൈനിക ആശുപത്രിയിൽ എത്തി. അവിടെനിന്ന് മറ്റൊരു ആശുപത്രിയിൽ കൊണ്ടു പോകാനുള്ള ശിപാർശക്കത്തിനായി ഒാടിനടക്കുന്നതിനിടെ മാതാവിന് ജീവൻ നഷ്ടമാവുകയായിരുന്നുവെന്ന് സങ്കടത്തോടെ പെട്രോൾ പമ്പ് ജീവനക്കാരനായ ബല്യാൻ പറയുന്നു.
ആധാർ കാർഡ് ആവശ്യപ്പെട്ടുവെങ്കിലും രോഗിക്ക് ചികിത്സ നിഷേധിച്ചിട്ടിെല്ലന്നും ബന്ധുക്കൾ തന്നെയാണ് ശകുന്തള ദേവിയെ ആശുപത്രിയിൽനിന്ന് കൊണ്ടുപോയതെന്നും തുലിപ് ആശുപത്രിയിലെ ഡോ. അഭിമന്യു കുമാർ പറഞ്ഞു.
താൻ എത്തുേമ്പാൾ ആശുപത്രി അധികൃതർ ശകുന്തള ദേവിക്ക് ചികിത്സ തുടങ്ങിയിരുന്നുവെന്നും എന്നാൽ ആധാർ കാർഡ് കൊണ്ടുവരണമെന്ന് പറഞ്ഞതിനെ തുടർന്ന് മകൻ ബല്യാൻ മാതാവിനെ അവിടെ നിന്ന് കൊണ്ടു പോവുകയായിരുന്നുവെന്നും പൊലീസ് കോൺസ്റ്റബിൾ രമേഷ് കുമാറും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.