കാർഗിൽ യുദ്ധ വിജയത്തിന് ഇന്ന് കാൽനൂറ്റാണ്ട്; തീപാറും പോരാട്ടങ്ങളുടെ ഓർമകളിൽ ഈ സൈനികൻ
text_fieldsചെറുതോണി (ഇടുക്കി): കാർഗിൽ യുദ്ധ വിജയത്തിന് കാൽനൂറ്റാണ്ട് രാജ്യം ആഘോഷിക്കുമ്പോഴും പാക് ഷെല്ലുകളുടെയും ബുള്ളറ്റുകളുടെയും ഇടയിൽനിന്ന് തിരിച്ചെത്തിയ ബിനു കൈപ്പടക്ക് യുദ്ധമേഖലയിൽ മുഴങ്ങിയ വെടിയൊച്ചകൾ ഇപ്പോഴും വേദനിക്കുന്ന ഓർമ. കശ്മീരിലെ ഗാന്ധർവൽ ജില്ലയിൽ രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയനിൽ സുരക്ഷാഡ്യൂട്ടി ചെയ്തിരുന്ന ഇടുക്കി പഴയരിക്കണ്ടം സ്വദേശി ബിനു കൈപ്പട 1999 മേയ് മൂന്നിന് ആരംഭിച്ച് ജൂലൈ 26ന് അവസാനിച്ച യുദ്ധത്തിൽ പങ്കാളിയായിരുന്നു.
1999 മേയ് ആദ്യവാരം കാർഗിൽ മേഖലയിൽ പാകിസ്താൻ പട്ടാളം കടന്നുകയറി. ശ്രീനഗറിൽനിന്ന് കാർഗിൽ, ദ്രാസ് സെക്ടറിലേക്കുള്ള വഴി ഗാന്ധർവൽ ജില്ലയിലൂടെയാണ് കടന്നുപോകുന്നത്. പൊടുന്നനെ റോഡുസുരക്ഷക്ക് ബറ്റാലിയൻ നിയോഗിക്കപ്പെട്ടു. പട്ടാളക്കാരെയും വെടിക്കോപ്പുകളും വഹിച്ചുള്ള ധാരാളം ട്രക്കുകളും തുടർച്ചയായി മലമുകളിലേക്ക് പോകുന്നുണ്ടായിരുന്നെങ്കിലും യുദ്ധമാണെന്ന് ആദ്യം തോന്നിയിരുന്നില്ല. രണ്ടാഴ്ച കഴിഞ്ഞ് താനുൾപ്പെടെ കുറച്ചുപേർക്ക് ശ്രീനഗറിലേക്കുള്ള കോൺവോയ് പ്രൊട്ടക്ഷൻ ഡ്യൂട്ടി ലഭിച്ചു. ദിവസവും കാർഗിൽ ദ്രാസ് മേഖലയിൽനിന്ന് വരുന്ന പട്ടാള ട്രക്കുകൾക്ക് സുരക്ഷയൊരുക്കി ശ്രീനഗർ ക്യാമ്പ് വരെ എത്തിക്കുകയായിരുന്നു ഡ്യൂട്ടി. അതിൽ ചിലത് വീരമൃത്യു വരിച്ച ജവാന്മാരുടെ മൃതദേഹങ്ങൾ കൊണ്ടുവരുന്ന പേടകങ്ങൾ ആയിരുന്നു.
‘യുദ്ധം കൊടുമ്പിരിക്കൊണ്ട ജൂലൈയിൽ തങ്ങളോടൊപ്പം ഉണ്ടായിരുന്ന സഹപ്രവർത്തകരായ ജവാന്മാരുടെ വീരമൃത്യു ഞെട്ടലോടെയാണ് കേട്ടത്. വീരമൃത്യു വരിച്ച സഹപ്രവർത്തകർക്ക് അഭിവാദ്യം അർപ്പിക്കാൻ ഞങ്ങൾ ശ്രീനഗർ ആർ സെൻറർ ക്യാമ്പിലെത്തി. അവിടെ ഒരുക്കിയ പന്തലിൽ ആറ് ജവാന്മാരുടെ മൃതദേഹങ്ങൾ അടക്കം ചെയ്ത പേടകങ്ങൾ എത്തിച്ചു. ആദരാഞ്ജലി അർപ്പിക്കാൻ മുതിർന്ന സൈനിക ഉദ്യോഗസ്ഥരും എത്തി. പുഷ്പചക്രം സമർപ്പിച്ച് ആറ് പേരടങ്ങുന്ന സൈന്യം ഗാഡ് ഓഫ് ഓണർ നൽകി വീരമൃത്യു വരിച്ച സൈനികർക്ക് ആദരവ് നൽകിയപ്പോൾ ഏവരുടെയും കണ്ണുനിറഞ്ഞു. ഇന്നും മറക്കാനാവാത്ത അനുഭവമാണത്’ -ബിനു പറഞ്ഞു
16 വർഷം സൈനിക സേവനത്തിനുശേഷം 2011ൽ സൈന്യത്തിൽ നിന്നു വിരമിച്ചു. അഞ്ചുവർഷം കശ്മീരിലും തുടർന്ന് മധ്യപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലും ഏഴുമാസം യു.എൻ രക്ഷാദൗത്യത്തിൽ ആഫ്രിക്കൻ രാജ്യമായ കോംഗോയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇടുക്കി കഞ്ഞിക്കുഴി പഴയരിക്കണ്ടം സ്വദേശിയായ ബിനു കൈപ്പട സാഹിത്യകാരൻകൂടിയാണ്. ഹിമാലയൻ മലനിരകൾക്ക് മുകളിൽ ജീവൻ പണയം െവച്ചുകഴിഞ്ഞിരുന്ന സൈനികരുടെ ജീവിതം പകർത്താനുള്ള ശ്രമത്തിലാണിപ്പോൾ. തടിയമ്പാട് ബ്ലോക്ക് ശിശുവികസന പദ്ധതി ഓഫിസിലെ സ്ഥിരം ജീവനക്കാരനാണ്. ഭാര്യ ജിനിമോൾ മാലദ്വീപിൽ നഴ്സായിരുന്നു. ആൽമജ് കെ. ബിനു, ആൽമയ ബിനു എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.