മഹാപഞ്ചായത്ത് ഇന്ന്; കർശന സുരക്ഷയിൽ കർണാൽ, ഇൻറർനെറ്റ് റദ്ദാക്കി
text_fieldsചണ്ഡീഗഢ്: ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചെങ്കിലും കർണാലിലെ പൊലീസ് നടപടിക്കെതിരെ സംയുക്ത കിസാൻ മോർച്ചയുടെ മഹാപഞ്ചായത്ത് ഇന്ന് ചേരും. കർണാൽ മിനി സെക്രട്ടേറിയറ്റിന് സമീപമാണ് മഹാപഞ്ചായത്ത് ചേരുന്നത്. ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിട്ടുണ്ടെങ്കിലും പരിപാടിയുമായി മുന്നോട്ടു പോകാനാണ് കിസാൻ മോർച്ചയുടെ തീരുമാനം.
സുരക്ഷക്കായി 80 കമ്പനി പൊലീസിനെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. തിങ്കളാഴ്ച അർധരാത്രി മുതൽ മേഖലയിൽ ഇൻറർനെറ്റ്, എസ്.എം.എസ് സേവനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.
ആഗസ്റ്റ് 28ന് കർഷകർക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് കർഷക സംഘടനകൾ മഹാപഞ്ചായത്ത് ചേരുന്നത്. ബി.ജെ.പിയുടെ യോഗത്തിൽ പങ്കെടുക്കാൻ പാർട്ടി സംസ്ഥാന അധ്യക്ഷൻ ഒ.പി ധങ്കർ സഞ്ചരിച്ച വാഹനവ്യൂഹം തടയാൻ ശ്രമിച്ചതിനെ തുടർന്ന് കർഷക സംഘത്തിന് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ അന്ന് പത്തോളം പേർക്ക് ഗുരുതര പരിക്കേറ്റിരുന്നു. പരിക്കേറ്റ സുശീൽ കാജൽ എന്ന കർഷൻ പിന്നീട് മരിക്കുകയും ചെയ്തു. ലാത്തിച്ചാർജിൽ പരിക്കേറ്റവരുടെ രക്തം പുരണ്ട വസ്ത്രങ്ങളും തലപ്പാവുകളും തലക്ക് ഗുരുതരമായി പരിക്കേറ്റ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
കർഷകരുടെ തല തല്ലിപ്പൊളിക്കാൻ ഉത്തരവിട്ട എസ്.പിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു. എസ്.പിയെ സ്ഥലംമാറ്റുക മാത്രമാണ് സർക്കാർ ചെയ്തിട്ടുള്ളത്. എന്നാൽ, കൊലക്കുറ്റത്തിന് കേസെടുത്ത് സർവീസിൽനിന്ന് പിരിച്ചുവിടണമെന്നാണ് ആവശ്യം.
കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. യു.പിയിലെ മുസഫർ നഗറിൽ നേരത്തെ മഹാപഞ്ചായത്ത് സംഘടിപ്പിച്ചിരുന്നു. രാജസ്ഥാനിൽ 15-ാം തീയതിയും ഛത്തീസ്ഗഢിൽ 28നും മഹാപഞ്ചായത്ത് ചേരാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.