കർണാടക: 9.17 ലക്ഷം പുതുവോട്ടർമാർ, 58,282 പോളിങ് സ്റ്റേഷനുകൾ
text_fieldsബംഗളൂരു: മേയ് 10ന് തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ 9.17 ലക്ഷം പുതുവോട്ടർമാർ.ഇത്തവണ 3021 എൻ.ആർ.ഐ. പേരുകൾ വോട്ടർപ്പട്ടികയിൽ ചേർത്തിട്ടുണ്ട്. സംസ്ഥാനത്തെ 1834ഓളം ലൈംഗിക തൊഴിലാളികളെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 89,000 വിവിപാറ്റുകൾ തെരഞ്ഞെടുപ്പിന് ഉപയോഗിക്കും. 17 വയസ്സിന് മുകളിലുള്ള 1.25 ലക്ഷം പേർ അഡ്വാൻസ്ഡ് ആപ്ലിക്കേഷൻ ഫെസിലിറ്റിയിലൂടെ അപേക്ഷ നൽകിയിട്ടുണ്ട്. ഏപ്രിൽ ഒന്നോടെ 41,000 അപേക്ഷകർ 18 വയസ്സ് പൂർത്തീകരിക്കും.
ഇവർക്കും ഇത്തവണ വോട്ടുചെയ്യാനാകും. 58,282 പോളിങ് സ്റ്റേഷനുകളാണ് 224 നിയോജകമണ്ഡലങ്ങളിലായി ഒരുക്കുന്നത്. ഒരു സ്റ്റേഷനിൽ ചുരുങ്ങിയത് 883 വോട്ടർമാരായിരിക്കും ഉണ്ടാവുക.പകുതി പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനമുണ്ടാകും. 1320 പോളിങ് സ്റ്റേഷനുകൾ കൈകാര്യം ചെയ്യുക വനിതാ ഉദ്യോഗസ്ഥകളായിരിക്കും.
വിപുലമായ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് സംസ്ഥാനത്ത് ഒരുക്കുന്നതെന്ന് ചീഫ് ഇലക്ടറൽ ഓഫിസർ മനോജ് കുമാർ മീണ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് ബാധിതർക്ക് പ്രത്യേക ബൂത്തുകളുണ്ടാകും. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കും. തെരഞ്ഞെടുപ്പ് നടത്തുന്നതിനുവേണ്ടി മൂന്നുലക്ഷം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ആവശ്യമായ പരിശീലനം നൽകിവരുകയാണ്. തെരഞ്ഞെടുപ്പ് സുഗമമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം 2040 ഫ്ലയിങ് സ്ക്വാഡുകളും 2605 സ്റ്റാറ്റിക് സർവൈലൻസ് ടീമുകളും 266 വിഡിയോ വ്യൂവിങ് ടീമുകളും 631 വിഡിയോ സർവൈലൻസ് ടീമുകളും 225 അക്കൗണ്ടിങ് ടീമുകളും സജ്ജമായിട്ടുണ്ട്.
വോട്ടർമാരെ പാട്ടിലാക്കാൻ സമ്മാനങ്ങളും മദ്യവും പണവും വിതരണം ചെയ്യുന്നത് തടയാൻ തിരച്ചിൽ സജീവമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് പൊലീസ് അടക്കമുള്ള വിവിധ വകുപ്പുകൾ ഇതുവരെ 58 കോടിയുടെ വസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്. പണത്തിനുപുറമേ മദ്യം, ലഹരിമരുന്ന്, വിലപിടിപ്പുള്ള ലോഹങ്ങൾ, വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.
ഈ മാസം ഒമ്പത് മുതൽ 27 വരെ 1985 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാറിൽ കടത്തിക്കൊണ്ടുവന്ന 35.5 ലക്ഷം രൂപ തെരഞ്ഞെടുപ്പ് കമീഷന്റെ ഫ്ലയിങ് സ്ക്വാഡ് കഴിഞ്ഞ ദിവസം പിടികൂടി. കാറിലുണ്ടായിരുന്ന മൂന്നുപേരെ അറസ്റ്റു ചെയ്തു.തെഞ്ഞെടുപ്പിന് അനധികൃതമായി കടത്തിയതാണ് പണമെന്ന് കരുതുന്നു. വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ച നിരവധി പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.