കെജ്രിവാൾ എത്തുംമുമ്പേ ആപ്പിൽ കൊഴിഞ്ഞുപോക്ക്
text_fieldsബംഗളൂരു: കർണാടകയിൽ ആം ആദ്മി പാർട്ടിക്ക് കനത്ത പ്രഹരമായി ബംഗളൂരു സിറ്റി മുൻ പൊലീസ് കമീഷണർ ഭാസ്കർ റാവു ബി.ജെ.പിയിൽ ചേർന്നു. ബംഗളൂരുവിൽ ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ പാർട്ടി പതാക കൈമാറി. കർണാടക നിയമസഭ തെരഞ്ഞെടുപ്പിനായി എ.എ.പി കാമ്പയിന് തുടക്കമിടാൻ ശനിയാഴ്ച അരവിന്ദ് കെജ്രിവാൾ ദാവൻഗരെയിൽ എത്താനിരിക്കെയാണ് സംസ്ഥാന വൈസ് പ്രസിഡന്റും പ്രകടനപത്രിക ചെയർമാനുമായ ഭാസ്കർ റാവു ബി.ജെ.പിയിലേക്ക് കൂടുമാറിയത്. എ.എ.പി അധ്യക്ഷൻ അരവിന്ദ് കെജ്രിവാളിന്റെ സാന്നിധ്യത്തിൽ 2022 ഏപ്രിലിൽ ഡൽഹിയിൽ നടന്ന ചടങ്ങിലായിരുന്നു ഭാസ്കർ റാവു എ.എ.പിയിൽ ചേർന്നത്.
എ.എ.പിയിൽ രാഷ്ട്രീയ വളർച്ചക്ക് സാധ്യതയില്ലെന്നും ഒരു വർഷമായി പാർട്ടി കെട്ടിപ്പടുക്കാൻ പരമാവധി ശ്രമം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് ഭാസ്കർ റാവു പാർട്ടി വിട്ടത്. പാർട്ടിയിൽ സുതാര്യതയില്ല. മൾട്ടി നാഷനൽ കോർപറേഷൻ പോലെയാണ് അത് പ്രവർത്തിക്കുന്നത്. അഴിമതിക്കെതിരെ എന്ന പേരിൽ സംഭാവനകൾ ശേഖരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബ്രാഹ്മണ സമുദായത്തിന് സ്വാധീനമുള്ള ബംഗളൂരുവിലെ ബസവനഗുഡി നിയോജക മണ്ഡലത്തിൽ റാവുവിനെ മത്സരിപ്പിക്കാനായിരുന്നു എ.എ.പി നീക്കം. ഏതാനും ആഴ്ചകൾക്കുമുമ്പാണ് പാർട്ടി സംസ്ഥാന ഘടകം ഉടച്ചുവാർത്തത്. ആപ്പിനെ പ്രതിസന്ധിയിലാക്കുന്നതാണ് റാവുവിന്റെ കൂടുമാറ്റം. കഴിഞ്ഞ ദിവസം ബി.ജെ.പി ഓഫിസിൽവെച്ച് തമിഴ്നാട് അധ്യക്ഷനും കർണാടകയുടെ തെരഞ്ഞെടുപ്പ് ചുമതലയുമുള്ള കെ. അണ്ണാമലൈയുമായി റാവു ചർച്ച നടത്തിയിരുന്നു. കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി, കർണാടക മന്ത്രി ആർ. അശോക എന്നിവരെയും കണ്ടിരുന്നു. ബുധനാഴ്ച പാർട്ടി ഓഫിസിലെത്തി അംഗത്വം സ്വീകരിച്ചു.
പ്രധാനമന്ത്രിയുടെ പ്രവർത്തനം കണ്ടാണ് ബി.ജെ.പിയിൽ ചേരുന്നത്. ബി.ജെ.പിക്കുമാത്രമേ രാജ്യത്തെ ശക്തിപ്പെടുത്താൻ കഴിയൂ. ഒറ്റ ഭാരതം സമൃദ്ധ ഭാരതം എന്നതിനായി എല്ലാവരും മോദിക്കൊപ്പം കൈകോർക്കണം. ബി.ജെ.പിയിൽ യുവാക്കൾക്കും വനിതകൾക്കും അവസരം നൽകുന്നത് തന്നിൽ മതിപ്പുളവാക്കിയെന്നും ഭാസ്കർ റാവു പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.