കർണാടകയിൽ അന്ധവിശ്വാസ നിരോധന നിയമം പ്രാബല്യത്തിൽ
text_fieldsബംഗളൂരു: അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന അന്ധ വിശ്വാസ നിരോധന നിയമം കർണാടകയിൽ പ്രാബല്യത്തിൽ വന്നു. ജനുവരി നാലുമുതൽ നിയമം നട പ്പാക്കി വിജ്ഞാപനമിറങ്ങി. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അധികാരത്തിലിരിക്കെ 2017 നവംബർ 17നാണ് മന്ത്രിസഭ അന്ധവിശ്വാസ നിരോധന ബിൽ (കർണാടക പ്രി വൻഷൻ ആൻഡ് ഇറാഡിക്കേഷൻ ഒാഫ് ഇൻഹ്യൂമൻ എവിൾ പ്രാക്ടീസസ് ആൻഡ് ബ്ലാക്ക് മാജിക് ബിൽ 2017) പാസാക്കിയത്. സംഘ്പരിവാർ സംഘടനകളുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചായിരുന്നു സിദ്ധരാമയ്യ സർക്കാർ പാസാക്കിയെടുത്തത്. ബി.ജെ.പി സർക്കാർ അധികാരത്തിലിരിക്കെയാണ് നിയമം പ്രാബല്യത്തിലാവുന്നത്.
കർണാടകയിലെ ചില ക്ഷേത്രങ്ങളിൽ നടക്കുന്ന മഡെസ്നാന (എച്ചിലിലയിൽ ഉരുളൽ), കനൽ നടത്തം, ഗരുഡൻ തൂക്കം, നാരീപൂജ മുതലായവയും ദുർമന്ത്രവാദം, ആഭിചാര ക്രിയകൾ തുടങ്ങിയവയും അന്ധവിശ്വാസ നിരോധന നിയമ പരിധിയിൽ വരും. അന്ധവിശ്വാസ നിരോധന നിയമപ്രകാരം, ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്നത് ഏഴുവർഷം വരെ തടവും അരലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. എന്നാൽ ജ്യോതിഷം, കൈനോട്ടം, വാസ്തു, മതപരമായ ചടങ്ങുകൾ തുടങ്ങിയവയെ നിരോധനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
2013 ഡിസംബറിൽ മഹാരാഷ്ട്രയിലെ കോൺഗ്രസ് സർക്കാർ പാസാക്കിയ അന്ധവിശ്വാസ നിരോധന ബില്ലിെൻറ ചുവടുപിടിച്ചാണ് കർണാടകയിലും സിദ്ധരാമയ്യ സർക്കാർ ബിൽകൊണ്ടു കൊണ്ടുവന്നത്. അന്ധവിശ്വാസ നിരോധന ബില്ലിനായി പോരാടിയ എം.എം. കൽബുർഗി വെടിയേറ്റു കൊല്ലപ്പെട്ടതോടെ ബിൽ നിയമമാക്കാൻ പുരോഗമനവാദികളുടെ ഭാഗത്തുനിന്ന് സർക്കാറിന് സമ്മർദമുണ്ടായിരുന്നു. രാജ്യത്ത് ആദ്യമായി ഇത്തരമൊരു നിയമം മഹാരാഷ്ട്രയിലാണ് നിലവിൽവന്നത്. അന്ധവിശ്വാസ ഉന്മൂലന സമിതി സ്ഥാപകനായിരുന്ന ഡോ. നരേന്ദ്ര ദാഭോൽകറാണ് 2003ൽ ഒരു ബിൽ തയാറാക്കി സർക്കാറിന് സമർപ്പിക്കുന്നത്.
2013ൽ അദ്ദേഹം ഹിന്ദുത്വ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഇതേതുടർന്ന് അന്നത്തെ കോൺഗ്രസ് -എൻ.സി.പി സർക്കാർ നിയമം പ്രാബല്യത്തിൽ കൊണ്ടുവരുകയായിരുന്നു. കേരളത്തിലും അന്ധവിശ്വാസ നിരോധന നിയമം കൊണ്ടുവരണമെന്ന് കഴിഞ്ഞവർഷം സംസ്ഥാന നിയമ പരിഷ്കരണ കമീഷൻ ശിപാർശ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.