ബി.ജെ.പിയിൽ പൊട്ടിത്തെറി, ഒടുവിൽ ആദ്യപട്ടിക
text_fieldsബംഗളൂരു: കർണാടകയിൽ മേയ് പത്തിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഭരണകക്ഷിയായ ബി.ജെ.പിയിൽ പൊട്ടിത്തെറി. കേന്ദ്രതെരഞ്ഞെടുപ്പ് സമിതി ഡൽഹിയിൽ ദിവസങ്ങൾ ചർച്ച നടത്തിയ ശേഷമാണ് അനിശ്ചിതത്വങ്ങൾക്കിടെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക ചൊവ്വാഴ്ച രാത്രിയോടെ പുറത്തിറക്കാനായത്.
സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ 2012ലെ മുഖ്യമന്ത്രിയും നിലവിൽ ഹുബ്ബള്ളി എം.എൽ.എയുമായ ജഗദീഷ് ഷെട്ടാർ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.
ആറുതവണ ജയിച്ച അദ്ദേഹം 2018ൽ കോൺഗ്രസിന്റെ മഹേഷ് നൽവാദിനെ 21,000ത്തിലധികം വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ‘പ്രചാരണം നേരത്തേ തുടങ്ങിയതാണ്. ഒരു ആരോപണവും തനിക്കെതിരെ ഇല്ല. തന്നെ തഴയാൻ എന്താണ് കാരണമെന്ന് പാർട്ടി വ്യക്തമാക്കണം. ഹുബ്ബള്ളിയിൽനിന്നുതന്നെ സ്വതന്ത്രനായി മത്സരിക്കും’ -അദ്ദേഹം പറഞ്ഞു. ഷെട്ടാറിന്റെ നീക്കം ഹുബ്ബള്ളിയിലും വടക്കൻ കർണാടക മേഖലയിലും ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാക്കും. ഈ മേഖലയിൽ ഏറെ സ്വാധീനമുള്ള ലിംഗായത്ത് നേതാവുകൂടിയാണ് അദ്ദേഹം. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 20 ആണ്. എന്നാൽ, പല മണ്ഡലങ്ങളിലും രാജിഭീഷണി അടക്കമുള്ളതിനാലാണ് പ്രഖ്യാപനം വൈകിയത്. ശക്തികേന്ദ്രമായ 17 മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന ബെളഗാവി ജില്ലയിലാണ് പ്രധാന പ്രതിസന്ധി നേരിടുന്നത്.
മുൻമന്ത്രി രമേശ് ജാർക്കിഹോളി പക്ഷവും മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി പക്ഷവുമാണ് ഇവിടെ പോരടിക്കുന്നത്. രമേശ് ജാർക്കിഹോളിയുടെ വിശ്വസ്തനായ മഹേഷ് കുമത്തല്ലിക്കാണ് ഇവിടെ സീറ്റ് നൽകിയത്. 2019ൽ ഓപറേഷൻ താമരയിലൂടെ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ എത്തിയ എം.എൽ.എമാരിൽ ഒരാളാണ് സിറ്റിങ് എം.എൽ.എ കൂടിയായ കുമത്തല്ലി.
സീറ്റ് ലഭിക്കില്ലെന്ന് സൂചന കിട്ടിയതോടെ സവാദി നേരത്തേ തന്നെ പ്രചാരണ പരിപാടികൾ തുടങ്ങിയിരുന്നു. ബെളഗാവി, ബാഗൽകോട്ട്, വിജയപുര ജില്ലകളിൽ വൻ സ്വാധീനമുള്ള ഗനിഗ ലിംഗായത്ത് സമുദായംഗമാണ് സവാദി. അതാനി സീറ്റിൽ മുതിർന്ന നേതാവും മൂന്നുതവണ എം.എൽ.എയുമായ തന്നെ പരിഗണിച്ചില്ലെങ്കിൽ കോൺഗ്രസിൽ ചേരുമെന്ന് സവാദി നേരത്തേ അറിയിച്ചിരുന്നു. സാധ്യതാപട്ടികയിൽ ഓരോ മണ്ഡലത്തിലും രണ്ടുംമൂന്നും ആളുകളുടെ പേരുകളാണുള്ളത്. നിലവിലെ എം.എൽ.സിമാർക്ക് അവസരം കിട്ടില്ലെന്നാണ് പാർട്ടി നിലപാടെങ്കിലും പല എം.എൽ.സിമാരും എം.പിമാരും മത്സരിക്കാനായി രംഗത്തുണ്ട്.
സ്ഥാനമൊഴിയാൻ മനസ്സില്ലാമനസ്സോടെ സമ്മതിച്ച എം.എൽ.മാരാകട്ടെ വേണ്ടപ്പെട്ടവരെ മത്സരിപ്പിക്കണമെന്ന വാശിയിലുമാണ്. അതേസമയം, ലിംഗായത്ത് സമുദായത്തിന്റെ പ്രധാന നേതാവുകൂടിയായ യെദിയൂരപ്പയെ ബി.ജെ.പി ഒതുക്കിയെന്ന ആരോപണവും ശക്തമാണ്. 2021ൽ അഴിമതി ആരോപണത്തെ തുടർന്നാണ് അദ്ദേഹത്തെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കിയതും ബൊമ്മൈക്ക് പദവി കിട്ടിയതും.
യെദിയൂരപ്പ പക്ഷവും ബൊമ്മൈ പക്ഷവും പലയിടത്തും സ്വന്തക്കാർക്കായി സമ്മർദം ശക്തമാക്കിയിട്ടുണ്ട്. അടുത്ത പട്ടിക ഉടൻ പുറത്തുവരുമെന്ന് ബൊമ്മൈ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.