കർണാടക: ബാവയിലൂടെ ദേവഗൗഡയുടെ കരുനീക്കം
text_fieldsബംഗളൂരു: കോൺഗ്രസിന്റെ മുൻ എം.എൽ.എ ബി.എ. മുഹ്യിദ്ദീൻ ബാവയെ ജെ.ഡി.എസ് ദേശീയ അധ്യക്ഷൻ മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ തന്റെ പാർട്ടി സ്ഥാനാർഥിയാക്കിയതിലൂടെ ശ്രദ്ധേയമാണ് മംഗളൂരു നോർത്ത് മണ്ഡലത്തിലെ മത്സരം.
സിറ്റിങ് എം.എൽ.എ ബി.ജെ.പിയുടെ ഡോ. ഭരത് ഷെട്ടിയും കോൺഗ്രസ് രംഗത്തിറക്കിയ പുതുമുഖം കെ.പി.സി.സി ജനറൽ സെക്രട്ടറി ഇനായത്ത് അലിയും തമ്മിലാണ് മുഖ്യ പോരാട്ടം. സീറ്റ് നിഷേധിച്ചതിലുള്ള അരിശവുമായിനിന്ന ബാവക്ക് പത്രിക സമർപ്പണ ദിനം അവസാന മണിക്കൂറിലായിരുന്നു ഗൗഡാജി കണ്ണീരൊപ്പാൻ പച്ചത്തൂവാല കൈമാറിയത്.
2013ൽ ഈ മണ്ഡലത്തിൽ ‘കൈ’പിടിച്ച് നിയമസഭയിലെത്തിയ വ്യവസായിയായ ബാവ ഈ തെരഞ്ഞെടുപ്പിൽ ‘കറ്റയേന്തിയ വനിത’ക്കാണ് വോട്ട് ചോദിക്കുന്നത്. നവതിയിൽ മുട്ടിയ പ്രായ അലട്ടുകൾക്കിടയിലും ദേവഗൗഡ ബാവയുടെ പ്രചാരണത്തിന് എത്തിയിരുന്നു. വ്യവസായിയായ ഇനായത്ത് അലി ഓസ്കാർ ഫെർണാണ്ടസിന്റെയും ഡി.കെ. ശിവകുമാറിന്റെയും ശിഷ്യനായി എൻ.എസ്.യു.ഐയിലൂടെ പൊതുരംഗത്ത് വന്നയാളാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 98,648 വോട്ട് നേടിയാണ് ബി.ജെ.പിയുടെ ഡോ. വൈ. ഭരത് ഷെട്ടി സിറ്റിങ് എം.എൽ.എ കോൺഗ്രസിന്റെ മുഹ്യിദ്ദീൻ ബാവയെ (72,000) പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണത്തേക്കാൾ 14,161 പേർ വർധിച്ച് 2,42,186 വോട്ടർമാരാണ് ഈ മണ്ഡലത്തിലുള്ളത്. തങ്ങളുടെ 5000 സമ്മതിദായകരുടെ പിന്തുണ കോൺഗ്രസിന് നൽകാനാണ് വെൽഫെയർ പാർട്ടി തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.