ശക്തിതെളിയിക്കാനാകാതെ ഇടതുപാർട്ടികൾ
text_fieldsബംഗളൂരു: കർണാടകയിൽ ഇത്തവണയും ഇടതുപാർട്ടികൾക്ക് ശക്തിതെളിയിക്കാനായില്ല. സി.പി.എം 19 മണ്ഡലങ്ങളിലും സി.പി.ഐ. നാലു മണ്ഡലങ്ങളിലും മത്സരിച്ചെങ്കിലും ഒരു സീറ്റിലും ജയിക്കാനായില്ല. സി.പി.ഐയുടെ സഹകരണത്തോടെയാണ് സി.പി.എം. മത്സരിച്ചത്. വിജയിക്കാനായില്ലെങ്കിലും കോൺഗ്രസിനോടും ജെ.ഡി.എസിനോടും ശക്തമായ മത്സരമാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി ജി.വി. ശ്രീരാം റെഡ്ഡി കാഴ്ചവെച്ചത്. ചിക്കബെല്ലാപുര ജില്ലയിലെ ബാഗേപള്ളിയിൽ മത്സരിച്ച ശ്രീരാം റെഡ്ഡി, ബി.ജെ.പിയെയും ജെ.ഡി.എസിനെയും പിന്നിലാക്കി 51697 വോട്ടുകൾ നേടി രണ്ടാമതെത്തി. 65710 വോട്ടുകൾ നേടി 14013 ഭൂരിപക്ഷത്തോടെ കോൺഗ്രസ് സ്ഥാനാർഥി എസ്.എൻ. സുബ്ബറെഡ്ഡിയാണ് ഇവിടെ വിജയിച്ചത്. 1994ലും 2004ലും ഇവിടെനിന്ന് ശ്രീരാമ റെഡ്ഡി വിജയിച്ചിരുന്നു.
എന്നാൽ, 2004നുശേഷം ഇടതുപാളയത്തിൽനിന്ന് ആരും വിധാൻ സൗധയിൽ എത്തിയിട്ടില്ല. ചിക്കബെല്ലാപുരക്ക് പുറമെ കലബുറഗി, കൊപ്പാൾ, ബംഗളൂരു സൗത്, ബംഗളൂരു നോർത്, ഉഡുപ്പി, കോലാർ, ബല്ലാരി, ഉത്തര കന്നട, ഗദക് എന്നീ ജില്ലകളിലാണ് സി.പി.എം. മത്സരിച്ചത്. 19 മണ്ഡലങ്ങളിൽ 17 എണ്ണത്തിലും യുവസ്ഥാനാർഥികളെ നിർത്തിയിട്ടും മെച്ചപ്പെട്ട പ്രകടനം നടത്താനായില്ല. മംഗളൂരു സിറ്റി സൗത്തിൽ മത്സരിച്ച സി.പി.എമ്മിെൻറ സുനിൽകുമാർ ബാജൽ 2329 വോട്ടുകളാണ് നേടിയത്. മംഗളൂരു സിറ്റി നോർത്തിൽ മുനീർ കാട്ടിപള്ളക്ക് 2472 വോട്ടും മംഗളൂരുവിൽ നിധിൻ കുദാറിന് 2372 വോട്ടും ലഭിച്ചു.
ഇടതുപാർട്ടികളുമായി സഖ്യത്തിന് തയാറാണെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി. ദേവഗൗഡ പ്രഖ്യാപിച്ചിരുന്നെങ്കിലും സി.പി.എം സംസ്ഥാന നേതാക്കളുമായി ചർച്ചക്ക് തയാറായിരുന്നില്ല. കേരളത്തിൽ സി.പി.എം നേതൃത്വം നൽകുന്ന എൽ.ഡി.എഫിൽ ജനതാദൾ സെക്കുലർ സഖ്യകക്ഷിയാണ്. എന്നാൽ, ഈ പരിഗണന കർണാടകത്തിലെ ജെ.ഡി.എസ് നേതാക്കൾ നൽകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.