കർണാടകയിൽ എല്ലാ കണ്ണുകളും ഗവർണറിലേക്ക്
text_fieldsബംഗളൂരു: കർണാടകയിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത പശ്ചാത്തലത്തിൽ ഗവർണർ വാജുഭായ് വാലയുടെ തീരുമാനം നിർണായകമാകും. ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിൽ ബി.ജെ.പിയും എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെ.ഡി.എസ്-കോൺഗ്രസ് സഖ്യവും ഗവർണറെ കണ്ട് സർക്കാർ രൂപത്കരിക്കാൻ അവകാശവാദം ഉന്നയിച്ചു. നരേന്ദ്ര മോദിയുടെ ഗുജറാത്ത് മന്ത്രിസഭയിലെ പഴയ സഹപ്രവർത്തകനും മുൻ സ്പീക്കറുമായ വാജുഭായ് വാല എന്ത് തീരുമാനമെടുക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ആരെ ക്ഷണിക്കുമെന്ന കാര്യത്തിൽ ഗവർണർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഏറ്റവും വലിയ ഒറ്റക്കക്ഷിയെ ആദ്യം ക്ഷണിക്കുകയെന്ന പതിവുരീതിക്കു ഗവർണർ മുതിർന്നാൽ ജെ.ഡി.എസ്-കോൺഗ്രസ് സഖ്യം ഒരുപക്ഷേ തകർന്നേക്കാം. നേതാക്കളെ ചാക്കിട്ടുപിടിക്കാൻ ഏതറ്റംവരെയും പോകുന്ന ബി.ജെ.പിയെയാണ് അടുത്തകാലത്തായി ഇന്ത്യൻ രാഷ്ട്രീയം കണ്ടത്. ആദ്യം ഗവർണറെ സന്ദർശിച്ച ബി.ജെ.പി നേതാവ് യെദിയൂരപ്പയും സംഘവും സർക്കാർ രൂപവത്കരിക്കാൻ ഒരാഴ്ചത്തെ സമയമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ ഗവർണർ ബി.ജെ.പിയെതന്നെ ക്ഷണിക്കാനാണ് സാധ്യത. പാർട്ടി അധ്യക്ഷൻ അമിത് ഷാ കേന്ദ്ര മന്ത്രിമാരോടെല്ലാം ബംഗളൂരുവിലേക്ക് തിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അങ്ങനെയെങ്കിൽ വരുംദിവസങ്ങളിൽ വിലപേശലിനും റിസോർട്ട് രാഷ്ട്രീയത്തിനുമാകും കർണാടക സാക്ഷിയാകുക. സ്വന്തം എം.എൽ.എമാർ ചാടിപ്പോകാതിരിക്കാനായി കോൺഗ്രസും ജെ.ഡി.എസും അവരെ ഒളിസങ്കേതങ്ങളിലേക്ക് മാറ്റാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.