കോൺഗ്രസിനും പ്രതിപക്ഷത്തിനും ഉത്തേജകം
text_fieldsന്യൂഡൽഹി: കോൺഗ്രസിനും മറ്റു പ്രതിപക്ഷ പാർട്ടികൾക്കും ബി.ജെ.പിയെ നേരിടാനുള്ള മനോബലത്തിന് ബൂസ്റ്റർ ഡോസായി കർണാടക ഫലം. ഭാരത് ജോഡോ യാത്രയിലൂടെ കർണാടകത്തിൽ ആവേശവും പാർട്ടിയിൽ ഐക്യവും വിതറിയ രാഹുൽ ഗാന്ധിക്ക് ഇമേജ് ബൂസ്റ്റർ.
കോൺഗ്രസിനൊരു ചരിത്ര ദിവസമാണ് കർണാടകം സമ്മാനിച്ചത്. ഫലം മറ്റൊന്നായാൽ, കളം കൈവിട്ടു പോയെന്ന മട്ടിൽ ലോക്സഭ തെരഞ്ഞെടുപ്പിലേക്കും നീളുന്ന ദൂരവ്യാപക പ്രത്യാഘാതം കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും ഒരുപോലെ ഏറ്റുവാങ്ങേണ്ടി വരുമായിരുന്നു.
ഇനിയങ്ങോട്ട് ഒരു വർഷം നീളുന്ന പോരാട്ട ദിനങ്ങളിലേക്ക് അതുകൊണ്ടു തന്നെ, ഉത്തേജക മരുന്നാകാൻ കർണാടകത്തിനായി. രണ്ടു പ്രത്യേക സാഹചര്യങ്ങൾക്കിടയിലാണ് കർണാടകം കോൺഗ്രസിനെ സഹായിച്ചത്. രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വത്തിന് അയോഗ്യത കൽപിച്ചും നെഹ്റു കുടുംബത്തെ അന്വേഷണങ്ങളിൽ തളച്ചിട്ടും ആത്മവീര്യം ചോർത്തി ‘കോൺഗ്രസ് മുക്തഭാരത’മെന്ന ലക്ഷ്യവുമായി നീങ്ങുന്ന ബി.ജെ.പി ഒരു വശത്ത്.
ബി.ജെ.പി വിരുദ്ധചേരിയെ നയിക്കാൻ കോൺഗ്രസിനുള്ള അവകാശവും കഴിവും വിവിധ പ്രതിപക്ഷ പാർട്ടികൾ ചോദ്യം ചെയ്യുകയും, മാറ്റിനിർത്തി ബദൽ ചേരി രൂപവത്കരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യം മറുവശത്ത്.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയ മല്ലികാർജുൻ ഖാർഗെ, ഭാരത് ജോഡോ യാത്ര നടത്തിയ രാഹുൽ ഗാന്ധി, രാഷ്ട്രീയ നിലനിൽപ്പിന്റെ തന്നെ പ്രശ്നം നേരിടുന്ന ഡി.കെ. ശിവകുമാർ, സിദ്ധരാമയ്യ, സംഘാടന മികവു തെളിയിക്കേണ്ട കെ.സി. വേണുഗോപാൽ തുടങ്ങി കോൺഗ്രസ് കേന്ദ്ര-സംസ്ഥാന നേതൃനിരക്കാകെ കർണാടക ജയം അത്രമേൽ പ്രധാനമായിരുന്നു.
മോദി-അമിത് ഷാമാർ നയിക്കുന്ന ബി.ജെ.പിയുടെ കാവിരാഷ്ട്രീയത്തിനു മുന്നിൽ രാജ്യം കീഴടങ്ങിപ്പോയെന്ന ചിന്താഗതി ലോക്സഭ തെരഞ്ഞെടുപ്പു പ്രവണതകളിലേക്ക് പടരുന്ന ഘട്ടത്തിലാണ് കർണാടകം തടയണ തീർത്തത്. മോദിയെയും സംഘ്പരിവാർ വിഭാഗീയ രാഷ്ട്രീയത്തെയും കൈവിടുന്നവരുടെ എണ്ണം വർധിക്കുന്നുവെന്ന വ്യക്തമായ സൂചനയാണ് കർണാടകം.
കോൺഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണെന്നും, തോൽപിക്കാൻ കഴിയാത്ത അജയ്യത ബി.ജെ.പിക്ക് കൽപിച്ചു കൊടുക്കേണ്ടതില്ലെന്നുമുള്ള ആത്മവിശ്വാസം സംഭരിക്കാൻ കർണാടക ഫലത്തിലൂടെ കാവിവിരുദ്ധ രാഷ്ട്രീയചേരിക്ക് സാധിച്ചു.
ഇത് പ്രതിപക്ഷ ഐക്യ നീക്കങ്ങൾക്ക് ഗതിവേഗം പകരും. നവംബർ, ഡിസംബറിലായി നടക്കേണ്ട മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ്, തെലങ്കാന, മിസോറം എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ആത്മവിശ്വാസം നൽകും.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതടക്കം, മോദി സർക്കാറിന്റെ വേട്ടയാടൽ പ്രതിപക്ഷ ഐക്യം അനിവാര്യമാക്കി മാറ്റിയതിനു പിറകെയാണ് കർണാടകം ബി.ജെ.പിയെ തള്ളിയത്. നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ സഖ്യനീക്കങ്ങൾ പുരോഗതിയിലാണ്.
ഈ മാസം 18ന് ഡൽഹിയിൽ നടത്താൻ ഉദ്ദേശിക്കുന്ന നേതൃയോഗം പ്രതിപക്ഷ നീക്കങ്ങളിൽ പുതിയ വഴിത്തിരിവാകും. രാജ്യസഭയിൽ മൂന്നിൽ വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ച് അജണ്ടകൾ മുന്നോട്ടു നീക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങൾക്കേറ്റ തിരിച്ചടി കൂടിയാണ് ഹിമാചൽ പ്രദേശിനു പിന്നാലെ കർണാടകം പ്രതിപക്ഷ ചേരിക്ക് നൽകിയ വിജയം.
ജമ്മു-കശ്മീരിന്റെ പ്രത്യേകപദവി എടുത്തു കളഞ്ഞ് രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയ ബി.ജെ.പിക്ക് ഏകസിവിൽ കോഡ് നടപ്പാക്കുകയെന്ന ലക്ഷ്യത്തിലേക്ക് നടക്കാൻ രാജ്യസഭയിലെ വ്യക്തമായ ഭൂരിപക്ഷം അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.