കർണാടക പിടിക്കാൻ 'പഞ്ചരത്ന രഥയാത്ര'യുമായി ജെ.ഡി.എസ്; നവംബർ ഒന്നിന് സ്ഥാനാർഥികളെ പ്രഖ്യാപിക്കും
text_fieldsബംഗളൂരു: അടുത്ത വർഷം നടക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള ജനതാദൾ സെക്കുലർ (ജെ.ഡി.എസ്) സ്ഥാനാർഥികളെ നവംബർ ഒന്നിന് പ്രഖ്യാപിക്കുമെന്ന് മുൻ മുഖ്യമന്ത്രിയും പാർലമെന്‍ററി പാർട്ടി നേതാവുമായ എച്ച്.ഡി. കുമാരസ്വാമി. ആദ്യ പട്ടികയിൽ 90 മുതൽ 100 വരെ സ്ഥാനാർഥികളുടെ പേരുകളാണ് ഉണ്ടാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ബസവനഗുഡിയില ഗവി ഗംഗാദരേശ്വര ക്ഷേത്രത്തിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കുമാരസ്വാമി. നവംബർ ഒന്നിന് കോലാർ ജില്ലയിലെ മുൽബാഗലിലെ കുരുഡുമലെ ഗണപതി ക്ഷേത്രത്തിൽവെച്ച് സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തിറക്കും. അന്നുതന്നെ ക്ഷേത്രത്തിൽ നിന്ന് 'പഞ്ചരത്ന രഥയാത്ര' ആരംഭിക്കുമെന്നും കുമാരസ്വാമി പ്രഖ്യാപിച്ചു.
'അവരവരുടെ ഭാവി മെച്ചപ്പെടുത്താൻ' ജെ.ഡി.എസിന് വോട്ട് ചെയ്യാൻ കുമാരസ്വാമി ജനങ്ങളോട് അഭ്യർഥിച്ചു. ജെ.ഡി.എസ് അധികാരത്തിൽ വന്നാൽ ഓരോ ഗ്രാമപഞ്ചായത്തിലും 30 കിടക്കകളുള്ള ഒരു ആശുപത്രിയുണ്ടെന്ന് ഉറപ്പ് വരുത്തും. ആശുപത്രിയിൽ എല്ലാ അവശ്യ ചികിത്സാ സൗകര്യങ്ങളും ഉണ്ടായിരിക്കും.
സർക്കാർ സ്‌കൂളുകളിൽ സൗജന്യ വിദ്യാഭ്യാസം, യുവാക്കൾക്ക് ജോലി, സ്വയം പര്യാപ്തരാകാൻ സ്ത്രീ ശാക്തീകരണ പദ്ധതി, എല്ലാവർക്കും വീട്, കർഷകർക്കും തൊഴിലാളികൾക്കും ആകർഷകമായ പദ്ധതികൾ എന്നിവയും കുമാരസ്വാമി വാഗ്ദാനം ചെയ്തു.
അടുത്ത വർഷം മേയിലാണ് 224 അംഗ കർണാടക നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.