ശിവകുമാറിന്‍റെ അറസ്റ്റ്: കർണാടകയിൽ വ്യാപക പ്രതിഷേധം, ബസുകൾ കത്തിച്ചു
text_fieldsബംഗളൂരു: കർണാടക കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്‍റെ അറസ്റ്റിൽ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. കർണാടക ആർ.ടി.സി ബസുകൾക്ക് നേരെ വ്യാപക കല്ലേറുണ്ടായി. അക്രമാസക്തരായ പ്രതിഷേധക്കാർ റോഡിൽ ടയർ കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തി. ബംഗളൂരു-മൈസൂരു ഹൈവേയിൽ ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി.
ബി.ജെ.പിക്കെതിരെയും കേന്ദ്രസർക്കാറിനെതിരെയും മുദ്രാവാക്യം വിളിച്ച് കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങിയിരിക്കുകയാണ്. ബംഗളൂരു, മംഗളൂരു, രാംനഗര, ഹാസൻ തുടങ്ങിയ സ്ഥലങ്ങളിൽ പ്രതിഷേധം തുടരുന്നു. ഡി.കെ ശിവകുമാറിന്‍റെ കനകപുരം മണ്ഡലം അടങ്ങുന്ന രാമനഗര ജില്ലയിലാണ് പ്രശ്നം കൂടുതൽ. ഇവിടെ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. മണ്ഡലത്തിലെ കനക്പുര ഡിപ്പോയിലെ ബസ് പ്രതിഷേധക്കാർ കത്തിച്ചു. രാമനഗരയിലേക്കുള്ള ബസ് സർവീസുകൾ നിർത്തിവെച്ചു. രാമനഗര ജില്ലയിൽ സ്കൂൾ, കോളജുകളും അക്രമം ഭയന്ന് പ്രവർത്തിക്കുന്നില്ല.
എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഓഫീസിന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രവർത്തകരോട് സർക്കാർ വസ്തുവകകൾക്ക് നാശനഷ്ടം ഉണ്ടാക്കരുതെന്നും പ്രതിഷേധം സമാധാനപരമായിരിക്കണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.
ഡി.കെ ശിവാകുമാറിന്‍റെ അറസ്റ്റിനെതിരെ കോൺഗ്രസ് നേതാവും മുൻ എം.പിയുമായ വി.എസ് ഉഗ്രപ്പ രംഗത്തെത്തി. രാജ്യത്ത് അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്നലെ രാത്രി അറസ്റ്റിലായ ഡി.െക ശിവകുമാർ ന്യൂഡൽഹി രാം മനോഹർ ലോഹ്യ ആശുപത്രയിൽ തുടരുകയാണ്. അദ്ദേഹത്തിന് രക്തസമ്മർദ്ദത്തിൽ വ്യതിയാനവും നെഞ്ചുവേദനയും അനുഭവപ്പെടുന്നതായി കോൺഗ്രസ് നേതാക്കൾ പറയുന്നു. ഇന്ന് ഡൽഹിയിലെ പ്രത്യേക കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.