കന്നട പഠിച്ചില്ലെങ്കിൽ കർണാടകയിൽ ബാങ്ക് ജീവനക്കാരുടെ പണിപോകും
text_fieldsബംഗളൂരു: സ്കൂളുകൾക്കു പുറമെ, കർണാടകയിൽ ബാങ്ക് ജീവനക്കാർക്കും കന്നട പഠനം നിർബന്ധമാക്കുന്നു. പൊതുമേഖല ബാങ്കുകളിലെയും സ്വകാര്യ, ഗ്രാമീണ ബാങ്കുകളിലെയും ജീവനക്കാർ ആറു മാസത്തിനകം നിർബന്ധമായും കന്നട പഠിച്ചിരിക്കണമെന്ന് കന്നട വികസന അതോറിറ്റി (കെ.ഡി.എ). ഇതുമായി ബന്ധപ്പെട്ട് ബാങ്കുകളുടെ റീജനൽ തലവന്മാർക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നൽകി.
അല്ലാത്തപക്ഷം ജീവനക്കാരെ ജോലിയിൽനിന്ന് പിരിച്ചുവിടണമെന്നും കെ.ഡി.എയുടെ നോട്ടീസിൽ പറയുന്നു. മലയാളികൾ ഉൾപ്പെടെ കർണാടകയിലെ ബാങ്കുകളിൽ വലിയൊരു ശതമാനം അന്യസംസ്ഥാന ജീവനക്കാർ പണിയെടുക്കുന്നുണ്ട്. ജോലി നഷ്ടപ്പെടുമെന്ന ഭയത്താൽ പലരും ഇതിനകം കന്നട പഠനം ആരംഭിച്ചു. ബാങ്കുകളിൽതന്നെ ജീവനക്കാർക്ക് കന്നട പഠിക്കുന്നതിനുള്ള പ്രത്യേക സൗകര്യവും ഒരുക്കുന്നുണ്ട്.
സമയപരിധി കഴിഞ്ഞിട്ടും കന്നട പഠിക്കാത്ത ജീവനക്കാരെ ജോലിയിൽനിന്ന് പിരിച്ചുവിടാൻ ബാങ്കുകളുടെ മേഖല തലവന്മാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് കെ.ഡി.എ ചെയർമാൻ എസ്.ജി. സിദ്ധരാമയ്യ പറഞ്ഞു. കന്നട നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് പലതവണ ബാങ്കുകൾക്ക് നോട്ടീസ് നൽകിയിരുന്നു. ഒരു ബാങ്കും വിഷയം ഗൗരവായി എടുത്തില്ല.
ബാങ്ക് ജോലികൾക്കുള്ള പരീക്ഷകളിലും ദേശീയ തലത്തിലുള്ള മത്സരപരീക്ഷകളിലും കന്നടയും മറ്റു പ്രാദേശിക ഭാഷകളും ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് കെ.ഡി.എ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാറിന് കത്തെഴുതിയിരുന്നു. ഹൈകോടതിയിലും കന്നട നിർബന്ധമാക്കാൻ നീക്കം നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.