കർണാടകയിൽ റെസിഡൻഷ്യൽ സ്‌കൂളുകളിൽ മതപരമായ ഉത്സവങ്ങൾ ആഘോഷിക്കുന്നതിന് വിലക്ക്
text_fieldsബെംഗളൂരു: കർണാടകയിൽ റെസിഡൻഷ്യൽ സ്‌കൂളുകളിൽ മതപരമായ ഉത്സവങ്ങൾ ആഘോഷിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി അധികൃതർ ഉത്തരവ് പുറപ്പെടുവിച്ചു. സാമൂഹികക്ഷേമ വകുപ്പിന്റെ പരിധിയിൽ വരുന്ന റെസിഡൻഷ്യൽ സ്‌കൂളുകളുടെയും കോളേജുകളുടെയും പരിസരത്ത് മതപരമായ ഉത്സവങ്ങൾ ആഘോഷിക്കുന്നത് നിരോധിച്ചുകൊണ്ടാണ് കർണാടക സർക്കാർ വ്യാഴാഴ്ച സർക്കുലർ ഇറക്കിയത്.
സാമൂഹികക്ഷേമ മന്ത്രി എച്ച്.സി. മഹാദേവപ്പയുടെ നിർദേശത്തെ തുടർന്ന് കർണാടക റെസിഡൻഷ്യൽ എജ്യുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് സൊസൈറ്റിയാണ് നിർദേശം പുറത്തിറക്കിയത്. ദേശീയ ഉത്സവങ്ങൾ, പ്രാദേശിക ഉത്സവങ്ങൾ, മഹത് വ്യക്തികളുടെ വാർഷികം എന്നിവ മാത്രമേ റെസിഡൻഷ്യൽ സ്‌കൂളുകളിൽ ആഘോഷിക്കാൻ പാടുള്ളൂവെന്ന് സർക്കുലറിൽ പറയുന്നു.
റമദാൻ, ക്രിസ്മസ്, സംക്രാന്തി, ഈദ് മിലാദ് തുടങ്ങിയ മതപരമായ ആഘോഷങ്ങൾക്ക് വിലക്കുണ്ട്. റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി, കന്നഡ രാജ്യോത്സവം, അംബേദ്കർ ജയന്തി ഉൾപ്പെടെയുള്ള 10 ഉത്സവങ്ങൾക്കാണ് അനുമതി. ചട്ടം ലംഘിച്ച് മതപരമായ ആഘോഷങ്ങൾ നടത്തിയാൽ സ്‌കൂളുകളിലെയും കോളജുകളിലെയും പ്രിൻസിപ്പൽമാർക്കും ജീവനക്കാർക്കുമെതിരെ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.