കേരളത്തിലേക്ക് ഒാക്സിജൻ വിതരണം വിലക്കി കർണാടക
text_fieldsകാസർകോട്: കേരളത്തിലേക്കുള്ള മെഡിക്കൽ ഒാക്സിജൻ വിതരണത്തിന് വിലക്ക് ഏർപ്പെടുത്തി കർണാടക സർക്കാർ. ശനിയാഴ്ച മംഗളൂരുവിലെ പ്ലാൻറിൽ ഒാക്സിജൻ എടുക്കാൻ എത്തിയപ്പോഴാണ് വിലക്ക് വിവരം പുറത്തറിഞ്ഞത്. ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമീഷണറുടെ ഉത്തരവ് ചൂണ്ടിക്കാട്ടി ഒാക്സിജൻ നൽകാൻ കഴിയില്ലെന്നാണ് പ്ലാൻറ് അധികൃതർ അറിയിച്ചത്.
മംഗളൂരു ബൈകമ്പാടി മലബാർ ഒാക്സിജൻ പ്ലാൻറിൽനിന്നാണ് കാസർകോട് ഉൾപ്പെടെ ഏതാനും വടക്കൻ ജില്ലകളിലേക്ക് ഒാക്സിജൻ ഇറക്കുന്നത്. കാസർകോെട്ട സ്വകാര്യ ആശുപത്രികളിൽ ഭൂരിഭാഗവും ഒാക്സിജൻ കൊണ്ടുവരുന്നതും ഇൗ പ്ലാൻറിൽനിന്നാണ്. കാസർകോട് ജില്ലയിലെ ഏതാനും സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികൾ ശനിയാഴ്ച പതിവുപോലെ ഒാക്സിജൻ സിലിണ്ടറുകൾ എടുക്കാൻ എത്തിയപ്പോഴാണ് വിലക്ക് ചൂണ്ടിക്കാട്ടി ഒാക്സിജൻ നിഷേധിച്ചത്. കർണാടകയിൽ ഒാക്സിജൻ ക്ഷാമമുണ്ടെന്നും ഇതര സംസ്ഥാനങ്ങളിലേക്ക് കൊടുക്കരുതെന്ന് സർക്കാർ നിർദേശമുണ്ടെന്നും പ്ലാൻറ് അധികൃതർ അറിയിച്ചു.
കർണാടക സർക്കാറിെൻറ നടപടി കാസർകോട് ജില്ലയെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക. കണ്ണൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ പ്ലാൻറ് ഉണ്ടെങ്കിലും ഏറ്റവും സൗകര്യമെന്ന നിലക്ക് മംഗളൂരുവിൽനിന്നാണ് കാസർകോേട്ടക്ക് ഒാക്സിജൻ എത്തിക്കുന്നത്. കാസർകോട് ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനാൽ ഒാക്സിജൻ ക്ഷാമം നേരിടുന്നുണ്ട്. കാസർകോെട്ട ഒരു സ്വകാര്യ ആശുപത്രിയിൽ മാത്രം 40വരെ സിലിണ്ടറുകളാണ് പ്രതിദിനം ഇറക്കുന്നത്.
നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കാസർകോട് എം.എൽ.എ എൻ.എ. നെല്ലിക്കുന്ന് മംഗളൂരു ഡെപ്യൂട്ടി കമീഷണർ ഡോ. കെ.വി. രാജേന്ദ്രയെ ബന്ധപ്പെട്ടു. കാസർകോട് ജില്ലക്കാർ മെഡിക്കൽ ഒാക്സിജനുവേണ്ടി എന്നും ആശ്രയിക്കുന്നത് മംഗളൂരുവിനെയാണെന്നും ഉത്തരവ് പിൻവലിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. എന്നാൽ, അനുകൂല മറുപടിയൊന്നും ലഭിച്ചില്ലെന്ന് എൻ.എ. നെല്ലിക്കുന്ന് പറഞ്ഞു. അതേസമയം, ആശുപത്രികളിൽ നിലവിൽ ഒാക്സിജന് പ്രതിസന്ധിയില്ലെന്നും കണ്ണൂരിൽനിന്ന് ഇറക്കുമെന്നും സ്വകാര്യ ആശുപത്രി മാനേജ്മെൻറുകൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.