‘45 മിനിറ്റ് ഹുക്ക ഉപയോഗിക്കുന്നത് 100 സിഗരറ്റ് വലിക്കുന്നതിന് തുല്യം’; വിൽപനയും ഉപയോഗവും നിരോധിച്ച് കർണാടക സർക്കാർ
text_fieldsബംഗുളൂരു: ഹുക്ക ഉത്പന്നങ്ങളുടെ വിൽപനയും ഉപയോഗവും കർണാടക സർക്കാർ നിരോധിച്ചു. എല്ലാവിധ ഹുക്ക ഉത്പന്നങ്ങളുടെയും വിൽപന, വാങ്ങൽ, പ്രചാരണം, വിപണനം, ഉപയോഗം എന്നിവ നിരോധിച്ചതായി ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു അറിയിച്ചു. പൊതുജനാരോഗ്യവും സുരക്ഷയും കണക്കിലെടുത്താണീ നടപടി.
45 മിനിറ്റ് ഹുക്ക വലിക്കുന്നത്100 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്ന് കണ്ടെത്തിയ ചില പഠനങ്ങൾ പുറത്തുവന്നിരുന്നു. ഈ വിഷയവും സർക്കാർ ഉത്തരവിൽ ചണ്ടികാണിക്കുന്നു. ഇതിനകം തന്നെ, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും ഹുക്ക നിരോധിച്ചിട്ടുണ്ട്.
നിരോധനം ലംഘിക്കുന്നവർക്കെതിരെ സി.ഒ.ടി.പി.എ (സിഗരറ്റ് ആൻഡ് പുകയില ഉൽപന്നങ്ങൾ നിയമം) 2003, ചൈൽഡ് കെയർ ആന്റ് പ്രൊട്ടക്ഷൻ ആക്റ്റ് 2015, ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി ആക്റ്റ് 2006, കർണാടക വിഷം (കൈവശം വെക്കുകയും വിൽപനയും) ചട്ടങ്ങൾ 2015 എന്നിവ അനുസരിച്ചും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മറ്റ് പ്രസക്തമായ വകുപ്പുകൾ പ്രകാരവും കുറ്റം ചുമത്തപ്പെടുമെന്നാണ് അറിയിപ്പ്.
കഴിഞ്ഞ വർഷം ബംഗുളൂരുവിലെ ഹുക്ക ബാറിലുണ്ടായ തീപിടിത്തം കണക്കിലെടുത്ത് സർക്കാർ ഈ നടപടിയിൽ അഗ്നി സുരക്ഷാ നിയമങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഹുക്ക ബാർ അഗ്നി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയിരുന്നു. നമ്മുടെ ഭാവി തലമുറകൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായാണീ നടപടിയെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
2023 സെപ്റ്റംബറിൽ, ഹുക്ക നിരോധിക്കാനും പുകയില ഉൽപന്നങ്ങൾ വാങ്ങാനുള്ള കുറഞ്ഞ പ്രായം 21 ആക്കി ഉയർത്താനും കർണാടക സർക്കാർ തീരുമാനിച്ചിരുന്നു.
സിഗരറ്റ് പോലുള്ള പുകയില ഉൽപന്നങ്ങളോടുള്ള ആസക്തി പലപ്പോഴും മയക്കുമരുന്നിന്റെയും ലഹരി വസ്തുക്കളുടെയും ദുരുപയോഗത്തിലേക്ക് നയിക്കുന്നുവെന്ന സാഹചര്യത്തിൽ കർണാടക സർക്കാർ ഏറെ കരുതലോടെയാണ് ഈ വിഷയം കൈകാര്യം ചെയ്തത്. ഹുക്കയിൽ ഉപയോഗിക്കുന്ന ചില ചേരുവകൾ ആസക്തിയിലേക്ക് നയിക്കുന്നതായി നേരത്തെ തന്നെ ആരോഗ്യരംഗത്തുള്ളവർ ചൂണ്ടികാണിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.