കർണാടക: ബി.ജെ.പി ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക എട്ടിന്
text_fieldsബംഗളൂരു: ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക ഏപ്രിൽ എട്ടിന് പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. നേതാക്കളുടെ അഭിപ്രായങ്ങളെല്ലാം ശേഖരിച്ചിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളിൽ നടക്കുന്ന കോർ കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്യും. ഏപ്രിൽ എട്ടിന് കേന്ദ്ര പാർലമെന്ററി ബോർഡ് യോഗം ചേർന്ന് പട്ടികക്ക് അന്തിമരൂപം ഉണ്ടാക്കുമെന്നും ബൊമ്മൈ മാധ്യമങ്ങളോട് പറഞ്ഞു.
ശിക്കാരിപുര, ബെളഗാവി, ശിവ്മൊഗ്ഗ സീറ്റുകൾ സംബന്ധിച്ച ആശയക്കുഴപ്പങ്ങൾ പട്ടിക പുറത്തുവരുന്നതോടെ ഇല്ലാതാകും. ജനങ്ങളുടെ അഭിലാഷപ്രകാരം യെദിയൂരപ്പയുടെ മകൻ ബി.എസ് വിജയേന്ദ്ര ശിക്കാരിപുരയിൽനിന്ന് മത്സരിച്ച് വൻഭൂരിപക്ഷത്തിൽ വിജയിക്കും.
ശിക്കാരിപുരയിൽനിന്ന് മത്സരിക്കുന്ന കാര്യം വിജയേന്ദ്രയും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ബി.ജെ.പി ബെളഗാവി ജില്ല കമ്മിറ്റി യോഗത്തിൽ ജില്ലയിലെ 18 മണ്ഡലങ്ങളിൽ പലതിലും ഇത്തവണ വിജയിക്കൽ ഏറെ ശ്രമകരമായിരിക്കുമെന്ന വിലയിരുത്തലാണ് ഉണ്ടായിരിക്കുന്നത്. 2018ലെ തെരഞ്ഞെടുപ്പിൽ 10 സീറ്റുകൾ ബി.ജെ.പിയും എട്ട് സീറ്റുകളിൽ കോൺഗ്രസുമാണ് ജയിച്ചത്. ഓപറേഷൻ താമരയെ തുടർന്ന് പിന്നീട് ബി.ജെ.പിക്ക് 13 സീറ്റുകളും കോൺഗ്രസിന് അഞ്ചുസീറ്റുമായി. ഇത്തവണ ബി.ജെ.പി 14-17 സീറ്റുകൾ നേടുമെന്നാണ് പറയുന്നത്.
ഏഴ് സീറ്റുകൾ പിടിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. മന്ത്രി ഉമേഷ് കട്ടീൽ, എം.പി സുരേഷ് അങ്ങടി എന്നിവരുടെ നിര്യാണത്തോടെ ബി.ജെ.പി ജില്ലയിൽ ദുർബലമായെന്നാണ് വിലയിരുത്തൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അടുത്തിടെ വൻ പ്രചാരണപരിപാടികൾ ബെളഗാവിയിൽ നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.