ഐ.ടി സെൽ പണിമുടക്കി; കർണാടകയിൽ ബി.ജെ.പി പ്രതിസന്ധിയിൽ
text_fieldsബെംഗലൂരു: ബി.ജെ.പി ഐ.ടി സെല്ലിനെ നിയന്ത്രിക്കുന്ന ജീവനക്കാർ ഫോണും ലാപ്ടോപ്പും താഴെ വെച്ച് പണിമുടക്കിയതിനാൽ കർണാടകയിലെ ഭാരതീയ ജനത പാർട്ടി(ബി.ജെ.പി) കടുത്ത പ്രതിസന്ധി നേരിടുകയാണ്. പാർട്ടിയുടെ സമൂഹമാധ്യമ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലുള്ള പ്രതിഷേധം നടക്കുന്നത്.
ബി.ജെ.പി യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബീജാപൂർ, ബാഗൽകോട്ട് ജില്ലകളിൽ പ്രവർത്തിക്കുന്ന 166 ഐ.ടി സെൽ ജീവനക്കാർ രാജിക്കത്ത് നൽകിയിരുന്നു. ഇന്നും രാജി തുടരുമെന്നാണ് കരുതുന്നത്. ബുധനാഴ്ച ബി.ജെ.പി. യുവമോർച്ചയുടെ ചിക്മാംഗലൂർ ജില്ലാ കമ്മിറ്റി അംഗങ്ങളും രാജി വെച്ചിരുനനു. കൊലപാതകത്തിൽ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ചായിരുന്നു ഇത്.
ബീജാപൂർ ജില്ലയിലെ ഐ.ടി സെൽ ജീവനക്കാരുടെ രാജി ബി.ജെ.പിയിലെ ദുരന്തമാണെന്നാണ് ഇതിനു നേതൃത്വം നൽകുന്ന സന്ദീപ് പാട്ടീൽ പ്രതികരിച്ചത്. ഐ.ടി സെൽ ബി.ജെ.പിയുടെ മുഖമായിരുന്നു. ഞങ്ങളാണ് ബി.ജെ.പിയുടെ നട്ടെല്ല് എന്നും രണ്ടു വർഷമായി ബി.ജെ.പി സോഷ്യൽ മീഡിയ കൺവീനറായി ചുമതല വഹിക്കുന്ന സന്ദീപ് പാട്ടീൽ തുടർന്നു. ഐ.ടി സേവനം നടക്കുന്നില്ലെങ്കിൽ ബി.ജെ.പി ക്ക് കനത്ത തിരിച്ചടിയാണുണ്ടാവുക.
നിങ്ങൾക്ക് സെൽഫോൺ ഉണ്ടായിട്ടും അതിന്റെ ഡിസ്‍പ്ലേ തകരാറിലായാൽ കാര്യമുണ്ടോ? പിന്നെങ്ങനെ നിങ്ങൾക്ക് ഫോണിൽ മറ്റുള്ളവരെ വിളിക്കാനാകും?-പാട്ടീൽ ചോദിച്ചു. ഐ.ടി സെൽ പ്രവർത്തനരഹിതമായാൽ ബി.ജെ.പിക്ക് ജനങ്ങൾക്കിടയിലേക്ക് എത്തിച്ചേരാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. ഇന്ത്യയിൽ ഭൂരിഭാഗം ആളുകളും സമൂഹമാധ്യമങ്ങൾ വഴിയാണ് വാർത്തകർ ശ്രദ്ധിക്കുന്നത്. കർണാടകയിലെ ബി.ജെ.പി ഐ.ടി സെല്ലിൽ ഏതാണ്ട് 3300 ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്.
ദക്ഷിണ കന്നഡ ജില്ലയിലെ സുള്ളിയിൽ 26നാണ് യുവമോർച്ച നേതാവിനെ കൊലപ്പെടുത്തിയത്. കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പോപുലർ ഫ്രണ്ട് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് യുവമോർച്ച ആരോപിക്കുന്നത്. എന്നാൽ ആരോപണം പോപുലർ ഫ്രണ്ട് നിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.