വനിത മന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; ബി.ജെ.പി നേതാവ് അറസ്റ്റിൽ
text_fieldsന്യൂഡൽഹി: വനിത മന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ ബി.ജെ.പി നേതാവ് അറസ്റ്റിൽ. പാർട്ടിയുടെ കർണാടക എം.എൽ.സിയായ സി.ടി രവിയാണ് അറസ്റ്റിലായത്. കർണാടക കോൺഗ്രസ് നേതാവും മന്ത്രിയുമായ ലക്ഷ്മി ഹെബ്ബാൽക്കറിനെതിരെയാണ് സി.ടി രവി മോശം പരാമർശം നടത്തിയത്.
ബി.ജെ.പിയുടെ മുൻ ദേശീയ സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വാക്കുകളിലൂടേയോ ആംഗ്യങ്ങളിലൂടെയോ സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പ് പ്രകാരമാണ് ബി.ജെ.പി നേതാവിനെതിരെ കേസെടുത്തിരിക്കുന്നത്.
ബെൽഗാവിയിലെ സുവർണ വിദാൻ സൗധയിൽ നിന്നാണ് ബി.ജെ.പി നേതാവിനെ കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച രാവിലെ അദ്ദേഹത്തെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയിൽ ഹാജരാക്കും.
കർണാടക നിയമസഭയുടെ ശീതകാല സമ്മേളനത്തിനിടെ കർണാടക വനിത-ശിശു വികസന മന്ത്രി ലക്ഷ്മി ഹെബ്ബാൽക്കറാണ് സി.ടി രവി തനിക്കെതിരെ മോശം പരാമർശം നടത്തിയെന്ന് പറഞ്ഞത്. തുടർന്ന് മന്ത്രി ഇതിനെതിരെ പരാതി നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുകയുമായിരുന്നു.
ഹെബ്ബാൽക്കറിനെതിരെ നിരവധി തവണ സി.ടി രവി മോശം പരാമർശം നടത്തിയെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. നേരത്തെ വിവിധ വിഷയങ്ങളിൽ സി.ടി രവിയും ഹെബ്ബാൽക്കറും തമ്മിൽ ശക്തമായ വാദപ്രതിവാദങ്ങൾ നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.