കൈക്കൂലിക്കേസിൽ കർണാടക ബി.ജെ.പി എം.എൽ.എ അറസ്റ്റിൽ; വീട്ടിൽനിന്ന് പിടികൂടിയത് എട്ട് കോടിയിലധികം രൂപ
text_fieldsബംഗളൂരു: കൈക്കൂലിക്കേസിൽ കർണാടക ബി.ജെ.പി എം.എൽ.എയെ കർണാടക ലോകായുക്ത അറസ്റ്റ് ചെയ്തു. കർണാടക സോപ്പ്‌സ് ആൻഡ് ഡിറ്റർജന്റ്‌സ് ലിമിറ്റഡ് (കെ.എസ്.ഡി.എൽ) മുൻ ചെയർമാനും ദേവനഗരെ ജില്ലയിലെ ചന്നഗിരി എം.എൽ.എയുമായ മദൽ വിരുപക്ഷപ്പയാണ് അറസ്റ്റിലായത്.
മകനും കർണാടക അഡ്മിനിസ്‌ട്രേഷൻ സർവിസ് ജീവനക്കാരനുമായ എം.വി പ്രശാന്ത് മാർച്ച് രണ്ടിന് ഓഫിസിൽനിന്ന് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് സംഭവത്തിന് പിന്നിൽ വിരുപക്ഷയാണെന്ന വ്യക്തമായത്.
കെ.എസ്.ഡി.എലിൽനിന്ന് ടെൻഡർ ലഭിക്കാൻ വിരുപക്ഷപ്പ 81 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടതായി ലോകായുക്ത കണ്ടെത്തി. ഇതിന് പിന്നാലെ വിരുപക്ഷപ്പയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 8.23 കോടി രൂപ പിടികൂടുകയും ചെയ്തു. സംഭവത്തെ തുടർന്ന് കെ.എസ്.ഡി.എൽ ചെയർമാൻ പദവിയിൽനിന്ന് വിരുപക്ഷപ്പ രാജിവെച്ചു.
നേരത്തെ കർണാടക ഹൈകോടതി അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിൽ എം.എൽ.എക്ക് ഇടക്കാല മുൻകൂർ ജാമ്യം നൽകിയിരുന്നു. ഇത് നീട്ടാനുള്ള അപേക്ഷ തിങ്കളാഴ്ച ഹൈകോടതി തള്ളിയതോടെയാണ് അറസ്റ്റിന് വഴിയൊരുങ്ങിയത്.
സംഭവം തനിക്കും കുടുംബത്തിനും എതിരായ ഗൂഢാലോചനയാണെന്നാണ് എം.എൽ.എയുടെ ആരോപണം. കേസിൽ മകൻ പ്രശാന്ത് മാർച്ച് രണ്ടിന് അറസ്റ്റിലായിരുന്നു. കേസുമായി ബന്ധപ്പെട്ട് പിന്നീട് മറ്റു നാലുപേരെ കൂടി കർണാടക ലോകായുക്ത അറസ്റ്റ് ചെയ്തു. സംഭവത്തെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാക്കളായ സിദ്ധരാമയ്യയുടെയും രൺദീപ് സുർജേവാലയുടെയും നേതൃത്വത്തിൽ മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുടെ വീടിന് മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.