കൈക്കൂലി കേസിൽ മുൻകൂർ ജാമ്യം തേടി ബി.ജെ.പി എം.എൽ.എ
text_fieldsബംഗളൂരു: കൈക്കൂലി കേസിൽ പ്രതിയായ ബി.ജെ.പി എം.എൽ.എ മദൽ വിരുപാക്ഷപ്പ മുൻകൂർ ജാമ്യം തേടി കർണാടക ഹൈകോടതിയെ സമീപിച്ചു. ഹരജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് ജസ്റ്റിസ് കെ.നടരാജൻ ബെഞ്ചിനെ സമീപിച്ചത്. ചൊവ്വാഴ്ച ലിസ്റ്റ് ചെയ്ത ശേഷം വാദം കേൾക്കാമെന്ന് കോടതി അറിയിച്ചു.
കൈക്കൂലി കേസിൽ വിരൂപാക്ഷപ്പയെ ഒന്നാം പ്രതിയാക്കി ലോകായുക്ത എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എം.എൽ.എയുടെ മകൻ വി.പ്രശാന്ത് മദലിന്‍റെ പക്കൽനിന്ന് എട്ട് കോടി രൂപ ലോകായുക്ത കണ്ടെത്തിയിരുന്നു.
വിരുപാക്ഷപ്പ ചെയർമാനായിരുന്ന കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജെന്റ്‌സ് ലിമിറ്റഡിന്റെ ഓഫീസിൽ നിന്നാണ് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്. 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് എം.എൽ.എയുടെ മകൻ ലോകായുക്തയുടെ പിടിയിലായത്. പിന്നാലെ വിരുപാക്ഷപ്പ എം.എൽ.എ സ്ഥാനം രാജിവച്ചു.
തുടർന്നുള്ള പരിശോധനയിൽ കെ.എസ്.ഡി.എൽ ഓഫീസിൽ നിന്ന് രണ്ട് കോടി രൂപയും മകന്‍റെ വീട്ടിൽ നിന്ന് ആറ് കോടി രൂപയും കണ്ടെടുത്തു. മൊത്തം 8.23 കോടി രൂപയും സ്വർണവും കണ്ടെത്തിയതായി ലോകായുക്ത അറിയിച്ചു. തന്നെക്കുറിച്ച് അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് വിരുപാക്ഷപ്പ നേരത്തെ ബംഗളൂരുവിലെ സിവിൽ കോടതിയെ സമീപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.