ബി.ജെ.പി നിലപാടുകൾ ദളിത് വിരുദ്ധം; വിമർശനവുമായി പാർട്ടി എം.പി
text_fieldsബംഗളൂരു: ബി.ജെ.പി ദളിത് വിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന വിമർശനവുമായി പാർട്ടി എം.പിയും ദളിത് നേതാവുമായ രമേഷ് ജിഗജിനാഗി. കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങങ്ങളിൽ ഭൂരിപക്ഷം പേരും ഉന്നത ജാതിക്കാരാണെന്നും ദളിതർക്ക് മന്ത്രിസഭയിൽ അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു.
തന്റെ ബി.ജെ.പിയിലേക്ക് പോകാനുള്ള തീരുമാനം ശരിയല്ലെന്ന വിമർശനവുമായി പലരും രംഗത്തെത്തിയിരുന്നു. ബി.ജെ.പി ദളിത് വിരുദ്ധ പാർട്ടിയാണെന്നാണ് അവരെല്ലാവരും പറഞ്ഞതെന്നും എം.പി വ്യക്തമാക്കി. തനിക്ക് കേന്ദ്രമന്ത്രിസ്ഥാനം ആവശ്യപ്പെടേണ്ട കാര്യമില്ല. എന്നാൽ മന്ത്രിസ്ഥാനം ആഗ്രഹിച്ചിരുന്നോവെന്ന ചോദ്യത്തിന് താൻ എം.പിയായി തിരിച്ചെത്തിയതിന് ശേഷം മന്ത്രിയാകാത്തതിന് ജനങ്ങൾ ശകാരിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബി.ജെ.പി ഇത്രയും ദളിത് വിരുദ്ധമായോയെന്ന് ജനങ്ങൾ ചോദിച്ചു. ബി.ജെ.പിയുടെ ദളിത് വിരുദ്ധത താൻ നേരത്തെ മനസിലാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണേന്ത്യയിൽ ഏഴ് തവണ തെരഞ്ഞെടുപ്പിൽ ജയിച്ച ഏക ദളിതനായിരിക്കും താൻ. കേന്ദ്രമന്ത്രിസഭയിൽ കാബിനറ്റ് സ്ഥാനങ്ങൾ മുഴുവൻ വഹിക്കുന്നത് ഉയർന്ന ജാതിക്കാരാണ്. ദളിതരെ ബി.ജെ.പി എപ്പോഴെങ്കിലും പിന്തുണച്ചിട്ടുണ്ടോ ?. ഇത് തന്നെ വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
1998ലാണ് 72കാരനായ രമേഷ് ജിഗജിനാഗി ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് നടന്ന ഏഴ് തെരഞ്ഞെടുപ്പുകളിലും അദ്ദേഹം വിജയിച്ചു. 2016 മുതൽ 2019 വരെ സഹമന്ത്രി സ്ഥാനവും അദ്ദേഹം വഹിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.