പെൺസുഹൃത്തിനെ ട്രോളി ബാഗിൽ ഒളിപ്പിച്ച് ഹോസ്റ്റലിലേക്ക് കൊണ്ടുവന്നു; എൻജിനീയറിങ് വിദ്യാർഥിയെ വാർഡൻ കൈയോടെ പിടികൂടി
text_fieldsബംഗളൂരു: പെൺസുഹൃത്തിനെ ട്രോളി ബാഗിൽ ഒളിപ്പിച്ച് ഹോസ്റ്റലിലേക്ക് കൊണ്ടുവരാനുള്ള ആൺസുഹൃത്തിന്‍റെ നീക്കം കെയർടേക്കർ കൈയോടെ പിടികൂടി. ഉഡുപ്പിയിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എൻജിനീയറിങ് വിദ്യാർഥിയാണ് പെൺസുഹൃത്തിനെ രഹസ്യമായി ആൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് എത്തിക്കാൻ ഇത്തരമൊരു അതിസാഹസത്തിന് മുതിർന്നത്. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം.
എൻജിനീയറിങ് വിദ്യാർഥിയായ ആൺകുട്ടി കാമ്പസിലെ അഞ്ചാം ബ്ലോക്കിലെ ബോയ്സ് ഹോസ്റ്റലിലും കോമേഴ്സ് വിദ്യാർഥിനിയായ പെൺകുട്ടി 13ാം ബ്ലോക്കിലെ ഗേൾസ് ഹോസ്റ്റലിലുമാണ് താമസിക്കുന്നത്. കോവിഡ് വ്യാപനത്തെതുടർന്ന് ഹോസ്റ്റലിൽ പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കാറില്ല. ഇതിനിടെ വലിയ ട്രോളി ബാഗുമായി എൻജിനീയറിങ് വിദ്യാർഥി ഹോസ്റ്റിലേക്ക് പോകുന്നത് കണ്ട കെയർടേക്കറായ ജീവനക്കാരൻ ബാഗിൽ എന്താണെന്ന് ചോദിച്ചു.
ഓൺലൈനിൽ ഓഡർ ചെയ്ത കുറെ സാധനങ്ങളാണെന്ന മറുപടി നൽകി വിദ്യാർഥി ഹോസ്റ്റലിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും സംശയം തോന്നിയ കെയർ ടേക്കർ ബാഗ് തുറക്കാൻ ആവശ്യപ്പെട്ടു.
തുറന്നുനോക്കിയപ്പോൾ ബാഗിൽനിന്നു പെൺകുട്ടി പുറത്തുവന്നത് കണ്ട് കെയർ ടേക്കർ ഞെട്ടി. തുടർന്ന് സംഭവം അധികൃതരെ അറിയിച്ചു. സംഭവത്തെ തുടർന്ന് ഇരുവരെയും അച്ചടക്ക സമിതി സസ്പെൻഡ് ചെയ്തതായാണ് വിവരം.
അതേസമയം, സംഭവം പുറത്തറിഞ്ഞതോടെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ടിലേതെന്ന പേരിൽ പഴയ വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. 2019ൽ ഡെറാഡൂണിലെ സ്വകാര്യ സർവകലാശാലയിൽ സുരക്ഷാ ജീവനക്കാർ പെട്ടി തുറന്ന് പരിശോധിക്കുന്നതിനിടെ പെൺകുട്ടി പുറത്തേക്ക് വരുന്നതിന്‍റെ വീഡിയോ ആണ് മണിപ്പാലിൽ നടന്ന സംഭവമാണെന്ന തരത്തിൽ പ്രചരിച്ചത്.
പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും മണിപ്പാലിലെ സംഭവുമായി ബന്ധമില്ലെന്നും മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ വക്താവ് അറിയിച്ചു. 2020 ഏപ്രിലിൽ ലോക്ക്ഡൗണിനിടെ മംഗളൂരുവിൽ 17കാരൻ അപാർട്ട്മന്‍റെിലെ ആൺസുഹൃത്തിനെ പെട്ടിക്കുള്ളിലാക്കി കൊണ്ടുവന്നതും വാർത്തയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.