മറാത്താ ക്വാട്ട പ്രതിഷേധം: ബസ് കത്തിച്ച് പ്രക്ഷോഭകർ
text_fieldsബെംഗളൂരു: മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ മറാത്ത സംവരണത്തിനായുള്ള പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് പ്രക്ഷോഭകർ കർണാടക പാസഞ്ചർ ബസ് കത്തിച്ചു. 12 പൊലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.
പ്രക്ഷോഭകാരികളെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. പ്രക്ഷോഭകർ പൊലീസിന് നേരെ കല്ലെറിയുകയും പൊതുഗതാഗത വാഹനങ്ങൾ ഉൾപ്പെടെ കത്തിക്കുകയും ചെയ്തു.
കർണാടക ബസിൽ 45 യാത്രക്കാരുണ്ടായിരുന്നെങ്കിലും സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ഗ്രാമത്തിലെ മറാത്ത സമുദായത്തിന് സംവരണം നൽകണമെന്ന് ആവശ്യപ്പെട്ട് മനോജ് ജാരങ്കെയുടെ നേതൃത്വത്തിൽ പ്രതിഷേധക്കാർ ചൊവ്വാഴ്ച മുതൽ നിരാഹാര സമരം നടത്തുകയായിരുന്നു.
മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ സമാധാനത്തിന് വേണ്ടി അഭ്യർത്ഥിക്കുകയും അക്രമത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഒരു സമിതി രൂപീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം കല്ലെറിയൽ കാരണം പൊലീസ് ലാത്തിച്ചാർജിന് നിർബന്ധിതരായെന്ന് ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് അവകാശപ്പെട്ടു.
രാഷ്ട്രീയമായി പ്രബലരായ മറാത്ത സമുദായത്തിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരുന്ന സംവരണം സുപ്രീം കോടതി നേരത്തെ റദ്ദാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.