കർണാടക: ഭരണമുറപ്പിച്ച് ബി.ജെ.പി
text_fieldsബംഗളൂരു: കർണാടകയിൽ രണ്ട് നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ജയം. ബംഗളൂരുവിലെ ആർ.ആർ നഗർ കോൺഗ്രസിൽനിന്നും തുമകുരുവിലെ സിറ ജെ.ഡി-എസിൽനിന്നും പിടിച്ചെടുത്തു. സഖ്യസർക്കാറിനെ വീഴ്ത്തിയ ഒാപറേഷൻ താമരയിലൂടെ കോൺഗ്രസിൽനിന്ന് ബി.ജെ.പിയിൽ ചേക്കേറിയ ആർ. മുനിരത്ന ആർ.ആർ നഗറിലും മുൻ കോൺഗ്രസ് എം.പി സി.എം. മുതലഗിരിയപ്പയുടെ മകൻ ഡോ. സി.എം. രാജേഷ് ഗൗഡ സിറയിലും വിജയം കണ്ടു. കോൺഗ്രസ് ടിക്കറ്റ് ലഭിക്കാത്തതിനാൽ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് രാജേഷ് ഗൗഡ ബി.െജ.പിയിൽ ചേർന്നത്.
മുൻമന്ത്രി കൂടിയായ കോൺഗ്രസ് സ്ഥാനാർഥി ടി.ബി. ജയചന്ദ്രയെ 12,949 വോട്ടുകൾക്കാണ് രാജേഷ് ഗൗഡ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 16,959 വോട്ട് ലഭിച്ച ബി.ജെ.പി ഇത്തവണ 74,522 വോട്ട് നേടി. കഴിഞ്ഞതവണ 74,338 വോട്ടുനേടി കോൺഗ്രസിനെതിരെ ജയം നേടിയ ജെ.ഡി-എസ് 35,982 വോട്ടുമായി മൂന്നാം സ്ഥാനത്തൊതുങ്ങി. ടി.ബി ജയചന്ദ്രക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആർ.ആർ നഗറിൽ 1,25,734 വോട്ട് നേടിയ മുനിരത്ന 57,936 വോട്ടിനാണ് കോൺഗ്രസ് സ്ഥാനാർഥി കുസുമ രവിയെ പരാജയപ്പെടുത്തിയത്. ജെ.ഡി-എസിെൻറ കൃഷ്ണമൂർത്തി 10,251 വോട്ട് നേടി. 225 അംഗ നിയമസഭയിൽ ബസവ കല്യാൺ, മസ്കി എന്നീ സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പ് ബാക്കിയുണ്ട്. സ്പീക്കറെ കൂടാതെ ബി.ജെ.പി- 118, കോൺഗ്രസ്- 67, ജെ.ഡി-എസ് - 33, സ്വത.- രണ്ട്, ബി.എസ്.പി, ആംഗ്ലോ ഇന്ത്യൻ- ഒന്ന് എന്നിങ്ങനെയാണ് അംഗബലം. ഉപതെരഞ്ഞെടുപ്പ് ജയത്തോടെ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ കർണാടക ബി.ജെ.പിയിൽ അപ്രമാദിത്യം തെളിയിച്ചു. ബിഹാർ ഫലം ബി.ജെ.പിക്ക് അനുകൂലമാവുകയും കർണാടക ഉപതെരഞ്ഞെടുപ്പിൽ തോൽക്കുകയും ചെയ്താൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് 77കാരനായ യെദിയൂരപ്പയെ മാറ്റാനുള്ള നീക്കം സജീവമായിരുന്നു.
ഇൗ സാഹചര്യത്തിലാണ് സിറ മണ്ഡലത്തിൽ പ്രചാരണ ചുമതല മകൻ ബി.വൈ. വിജയേന്ദ്രയെ ഏൽപിക്കുകയും മുൻ കോൺഗ്രസ് എം.പിയുടെ മകനെ സ്ഥാനാർഥിയാക്കുകയും ചെയ്ത് യെദിയൂരപ്പ മണ്ഡലം പിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.