ഉപതെരഞ്ഞെടുപ്പ് ചൂടിൽ കർണാടക
text_fieldsബംഗളൂരു: ബി.ജെ.പി സർക്കാറിെൻറ ഭാവി നിർണയിക്കുന്ന ഉപതെരഞ്ഞെടുപ്പ് ചൂടിൽ കർണാടക. കൂറുമാറ്റത്തെ തുടർന്ന് 17 എം.എൽ.എമാരെ അയോഗ്യരാക്കിയതിനെ തുടർന്നുള്ള ഒഴിവിൽ 15 മണ്ഡലങ്ങളിലേക്ക് ഡിസംബർ അഞ്ചിനാണ് ഉപതെരഞ്ഞെടുപ്പ്. അതേസമയം, സഖ്യസർക്കാറിെൻറ പതനത്തെ തുടർന്ന് തമ്മിലടിച്ച കോൺഗ്രസും ജെ.ഡി-എസും മഹാരാഷ്ട്രയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ വീണ്ടും സഖ്യസാധ്യത തുറന്നിട്ടിരിക്കയാണ്. സിറ്റിങ് സീറ്റുകളിൽ അനുകൂല ഫലമുണ്ടായാൽ വീണ്ടും സഖ്യം രൂപപ്പെേട്ടക്കാമെന്ന് ഇരുപാർട്ടി നേതാക്കളും വ്യക്തമാക്കിക്കഴിഞ്ഞു.
എന്നാൽ, ദേവഗൗഡ ഇടക്കിടെ നിലപാട് മാറ്റുകയാണ്. ഇടക്കാല തെരഞ്ഞെടുപ്പിന് അവസരമൊരുക്കില്ലെന്നും ബി.ജെ.പി ഭരണം പൂർത്തിയാക്കുമെന്നുമുള്ള മുൻ പ്രസ്താവന തിരുത്തിയ ദേവഗൗഡ, കോൺഗ്രസ് സഖ്യം സോണിയാഗാന്ധിയുടെ തീരുമാനത്തെ ആശ്രയിച്ചാണിരിക്കുന്നതെന്ന് പറഞ്ഞിരുന്നു. എന്നാൽ, ബി.ജെ.പിയെ പിന്തുണക്കില്ലെന്നും ബി.ജെ.പിയോടും കോൺഗ്രസിനോടും അകന്നുനിൽക്കുമെന്നുമാണ് ഞായറാഴ്ച പറഞ്ഞത്. കാര്യങ്ങൾ കോൺഗ്രസ് തീരുമാനത്തെ ആശ്രയിച്ചാണിരിക്കുന്നതെന്ന ദേവഗൗഡയുടെ മുൻ പ്രസ്താവനക്ക് പിന്നാലെയാണ് സഖ്യസാധ്യത സംബന്ധിച്ച് പരോക്ഷ സൂചന നൽകി കോൺഗ്രസ് നേതാക്കളായ സിദ്ധരാമയ്യ, രാമലിംഗ റെഡ്ഡി, ജി. പരമേശ്വര തുടങ്ങിയവരും രംഗത്തുവന്നത്. ദേവഗൗഡയുമായി ചർച്ച നടത്തിയതായും സഖ്യത്തിന് അനുകൂല സമീപനമാണ് അദ്ദേഹത്തിെനന്നും കോൺഗ്രസ് എം.പി ബി.കെ. ഹരിപ്രസാദ് സൂചിപ്പിച്ചു.
കേവല ഭൂരിപക്ഷത്തിനാവശ്യമായ സീറ്റുകൾ നേടുമെന്നും ഇടക്കാല തെരഞ്ഞെടുപ്പിെൻറ ആവശ്യം ഉദിക്കുന്നില്ലെന്നും ബി.ജെ.പി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. കോൺഗ്രസിെൻറ 11ഉം ജെ.ഡി-എസിെൻറ മൂന്നും കെ.പി.ജെ.പിയുടെ ഒരു സിറ്റിങ് സീറ്റിലുമാണ് ഉപതെരഞ്ഞെടുപ്പ്. ബി.ജെ.പിക്ക് ഭരണമുറപ്പിക്കാൻ ഏഴു സീറ്റിലെങ്കിലും ജയിക്കണം. ആർക്കും കേവല ഭൂരിപക്ഷം തികക്കാനാവാതെ വന്നാൽ ബി.ജെ.പി സർക്കാർ രാജിവെക്കുകയും രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയുമാവും ഫലം. ഇത് ഇടക്കാല തെരഞ്ഞെടുപ്പിന് വഴിയൊരുക്കും. അതേസമയം, ഉപതെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് എതിരായാൽ ജെ.ഡി-എസ് പിന്തുണ നൽകാനുള്ള സാധ്യത തള്ളാനാവില്ല. ബി.ജെ.പിക്കൊപ്പം നിൽക്കണമെന്നതാണ് ബസവരാജ് ഹൊറട്ടി, ജി.ടി. ദേവഗൗഡ എന്നിവരടക്കമുള്ള പല ജെ.ഡി-എസ് നേതാക്കളുടെയും നിലപാട്. ഇതിനെച്ചൊല്ലി പാർട്ടിയിലുയർന്ന വിമത നീക്കം ഫലപ്രഖ്യാപന ശേഷം രൂക്ഷമായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.