മതപരിവർത്തന നിരോധന ബില്ലിന് കർണാടക മന്ത്രിസഭ അംഗീകാരം; ഇന്ന് അവതരിപ്പിച്ചേക്കും
text_fieldsബംഗളൂരു: കടുത്ത എതിർപ്പുകൾക്കിടെ വിവാദ മതപരിവർത്തന നിരോധന ബില്ലിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ചേർന്ന കർണാടക മന്ത്രിസഭ യോഗം അംഗീകാരം നൽകി. നിയമസഭ ശീതകാല സമ്മേളനത്തിൽ ചൊവ്വാഴ്ച ബിൽ അവതരിപ്പിച്ചേക്കും. നിർബന്ധിത മതപരിവർത്തനത്തിന് പത്തു വർഷം വരെ തടവ് ഉൾപ്പെടെയുള്ള കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമത്തിനായാണ് 'കർണാടക മത സ്വാതന്ത്ര്യ അവകാശ സംരക്ഷണ ബിൽ (2021)' അവതരിപ്പിക്കുന്നത്. ബില്ലിലെ വ്യവസ്ഥകൾ പ്രകാരം തെറ്റിദ്ധരിപ്പിക്കൽ, നിർബന്ധിക്കൽ, ചതി, സ്വാധീനം, ബലപ്രയോഗം, വശീകരണം, വിവാഹം, പണമോ മറ്റു സാധനങ്ങളോ വാഗ്ദാനം ചെയ്യുക തുടങ്ങിയ മാർഗങ്ങളിലൂടെ ഒരാളെ ഒരു മതത്തിൽനിന്ന് മറ്റൊരു മതത്തിലേക്ക് മാറ്റുന്നത് കുറ്റകൃത്യമായിരിക്കും.
മതംമാറ്റത്തിന് വേണ്ടിയുള്ള വിവാഹങ്ങൾ അസാധുവാക്കുകയും കുറ്റകൃത്യമായി പരിഗണിക്കുകയും ചെയ്യും. മതം മാറാൻ ആഗ്രഹിക്കുന്നയാൾ രണ്ടു മാസം മുമ്പ് ജില്ല ഡെപ്യൂട്ടി കമീഷണർക്ക് (ഡി.സി) അപേക്ഷ നൽകണമെന്നാണ് കരട് ബില്ലിലെ മറ്റൊരു വ്യവസ്ഥ. മതപരിവർത്തനം നടത്തിയാൽ മുമ്പുണ്ടായിരുന്ന മതത്തിൽനിന്നും ലഭിച്ചിരുന്ന സംവരണം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നഷ്ടമാകും. എന്നാൽ, മാറുന്ന മതത്തിലെ ആനുകൂല്യങ്ങൾ ലഭിക്കും. എസ്.സി, എസ്.ടി വിഭാഗത്തിൽനിന്നോ പ്രായപൂർത്തിയാകാത്തവരെയോ സ്ത്രീകളെയോ മറ്റു മതങ്ങളിലേക്ക് മാറ്റാൻ ശ്രമിക്കുന്നവർക്ക് മൂന്നു വർഷം മുതൽ പത്തുവർഷം വരെ തടവും അരലക്ഷത്തിൽ കുറയാത്ത പിഴയുമാണ് ശിക്ഷ. പൊതുവിഭാഗത്തിലുള്ളവരെ മതം മാറ്റിയാൽ മൂന്നു വർഷം മുതൽ അഞ്ചുവർഷം വരെ ജയിൽശിക്ഷയും 25,000 രൂപ പിഴയും ലഭിക്കും.
കൂട്ട മതപരിവർത്തനത്തിന് മൂന്നു വർഷം മുതൽ പത്തുവർഷം വരെ ജയിൽശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാം. പൊലീസിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം സ്വമേധയാ കേസെടുക്കാനുള്ള അധികാരമുണ്ടാകും. ചൊവ്വാഴ്ച നിയമസഭയുടെ മേശപ്പുറത്ത് ബിൽ വെച്ചാൽ പ്രതിഷേധമുയർത്തി അവതരിപ്പിക്കുന്നത് തടയാനാണ് പ്രതിപക്ഷത്തിെൻറ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.