കർണാടകയുടെ പതാകക്ക് കാബിനറ്റിന്‍റെ അംഗീകാരം; കേന്ദ്രം അനുമതി നൽകാനിടയില്ല
text_fieldsബംഗളുരു: കർണാടകക്ക് പുതിയ ത്രിവർണ പതാക. നാദ ധ്വജ എന്ന പേരിട്ട ചുവപ്പ്, വെള്ള, മഞ്ഞ നിറത്തിലുള്ള ത്രിവർണ പതാകക്ക് സംസ്ഥാന കാബിനറ്റ് അംഗീകാരം നൽകി. സംസ്ഥാനത്തിന്‍റെ ചിഹ്നമായ ഗണ്ഢ ബരുണ്ട എന്ന മിത്തിക്കൽ പക്ഷിയും പതാകയുടെ നടുവിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. കർണാടക ഡവലപ്പ്മെന്‍റ് അതോറിറ്റിയാണ് പതാക രൂപകൽപ്പന ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച രാവിലെയാണ് കർണാടക ഡവലപ്പ്മെന്‍റ് അതോറിറ്റി മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പതാക കൈമാറിയത്.
പതാക ഏറ്റുവാങ്ങിയ മുഖ്യമന്ത്രി താൻ ഇത് കേന്ദ്രത്തിന് അയച്ചുകൊടുമെന്ന് ഉറപ്പുനൽകി. സംസ്ഥാനങ്ങൾക്കും പതാകകൾ ഉണ്ടാകാമെന്നും നമ്മുടെ ഭരണഘടന ഇത് അനുവദിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തേ മഞ്ഞയും ചുവപ്പും നിറത്തിലുള്ള ഒരു പതാക സർക്കാറും കന്നഡ സംഘടനകളും അനൗദ്യോഗികമായി ഉപയോഗിച്ചിരുന്നു. സർക്കാർ ചടങ്ങുകളിലും ഇത് ഉപയോഗിക്കാറുണ്ട്. ഔദ്യോഗിക പതാക വേണമെന്ന ആവശ്യം ഉയർന്നതോടെയാണ് സിദ്ധരാമയ്യ സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ച് പതാക ഒരുക്കിയത്.
കമ്മിറ്റിയുടെ രൂപീകരണം ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള വാക്പോരിന് ഇടയാക്കിയിരുന്നു. സിദ്ധരാമയ്യ വിഭജനത്തിന്‍റെ രാഷ്ട്രീയമാണ് പിന്തുടരുന്നതെന്ന് ശോഭ കരന്ദലജെ ഉൾപ്പടെയുള്ളവർ വിമർശിച്ചിരുന്നു. എന്നാൽ ജനവികാരം തങ്ങൾക്ക് എതിരാണെന്ന് മനസ്സിലാക്കിയ ബി.ജെ.പി തൽക്കാലം വിഷയത്തിൽ മൗനം പാലിക്കുകയാണ്. കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്നും വിഷയത്തിൽ സിദ്ധരാമയ്യ സർക്കാറിന് ഏറെ എതിർപ്പുകൾ നേരിടേണ്ടി വരുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.