കർണാടക മന്ത്രിസഭ രൂപവത്കരണം: സമുദായ സമവാക്യങ്ങൾ വെല്ലുവിളിയാവും
text_fieldsബംഗളൂരു: കർണാടകയിൽ 135 സീറ്റിന്റെ വൻ ഭൂരിപക്ഷവുമായി അധികാരത്തിലേറുന്ന കോൺഗ്രസിന് മുന്നിലുള്ള ആദ്യ കടമ്പ മന്ത്രിസഭ വികസനം. സമുദായ സമവാക്യങ്ങൾ നിർണായകമായ സംസ്ഥാനത്ത് സീനിയോറിറ്റിക്കും ലിംഗായത്ത്, വൊക്കലിഗ, ദലിത്, ബ്രാഹ്മണ, ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യവും മേഖല പ്രാതിനിധ്യവും കൂടി പരിഗണിച്ചാകും മന്ത്രിസഭ രൂപവത്കരിക്കുക.
മുഖ്യമന്ത്രി സിദ്ധരാമയ്യ കുറുബ സമുദായക്കാരനായതിനാൽ മറ്റൊരു പ്രാതിനിധ്യം ഈ സമുദായത്തിനുണ്ടാവില്ല. എന്നാൽ, ഉപമുഖ്യമന്ത്രി സ്ഥാനത്ത് വൊക്കലിഗ നേതാവായ ഡി.കെ. ശിവകുമാറിനെ മാത്രമാക്കി നിശ്ചയിച്ചത് നേതൃത്വത്തിന് വിലങ്ങുതടിയാവും. ലിംഗായത്ത്, ദലിത് നേതാക്കൾ ഉപമുഖ്യമന്ത്രിസ്ഥാനം എന്ന ആവശ്യമുയർത്തിക്കഴിഞ്ഞു. രണ്ടു ഘട്ടങ്ങളിലായി ഒമ്പതു വർഷത്തെ ബി.ജെപി ഭരണകാലത്ത് തുടർച്ചയായി മുഖ്യമന്ത്രി പദം കൈയാളിയത് ലിംഗായത്ത് സമുദായക്കാരായിരുന്നു.
ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ ജഗദീഷ് ഷെട്ടാറിനെയും ലക്ഷ്മൺ സവാദിയെയും മുന്നിൽനിർത്തി, ബി.ജെ.പിയിൽ ലിംഗായത്ത് നേതാക്കൾ അവഗണന നേരിടുന്നെന്ന് പ്രചാരണം നയിച്ച കോൺഗ്രസിന് ആരോപണം തിരിച്ചടിക്കാതിരിക്കണമെങ്കിൽ പ്രധാന വകുപ്പു തന്നെ അവർക്ക് കൈമാറേണ്ടി വരും.
34 ലിംഗായത്ത് എം.എൽ.എമാരാണ് കോൺഗ്രസിലുള്ളത്. പ്രചാരണ കമ്മിറ്റി കൺവീനറായിരുന്ന എം.ബി. പാട്ടീലിന് പുറമെ, ജഗദീഷ് ഷെട്ടാറിനെയും ലക്ഷ്മൺ സവാദിയെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും. ഷെട്ടാർ തെരഞ്ഞെടുപ്പിൽ തോൽവി വഴങ്ങിയെങ്കിലും അദ്ദേഹത്തെ എം.എൽ.സിയാക്കി നാമനിർദേശം ചെയ്തു സർക്കാറിന്റെ ഭാഗമാക്കാനാണ് സാധ്യത. ഷെട്ടാറിനെ കോൺഗ്രസ് ചേർത്തുപിടിക്കുമെന്ന് അദ്ദേഹത്തിന്റെ തോൽവിക്ക് പിറകെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചിരുന്നു. ലിംഗായത്ത് വിഭാഗത്തിൽനിന്ന് ചുരുങ്ങിയത് എട്ടുപേർക്കെങ്കിലും മന്ത്രി പദവി ലഭിച്ചേക്കും.
2013ലെ സിദ്ധരാമയ്യ സർക്കാറിലും 2018ലെ സഖ്യ സർക്കാറിലും ഉപമുഖ്യമന്ത്രിയായിരുന്ന ദലിത് നേതാവ് ജി. പരമേശ്വര ഉപമുഖ്യമന്ത്രി പദം വേണമെന്ന ആവശ്യം വീണ്ടുമുയർത്തിയിട്ടുണ്ട്. ഒറ്റ ഉപമുഖ്യമന്ത്രി എന്ന ഡി.കെ. ശിവകുമാറിന്റെ ഫോർമുലയെ തുറന്നെതിർക്കുന്ന പരമേശ്വര, കോൺഗ്രസിന്റെ വിജയത്തിൽ എല്ലാ നേതാക്കൾക്കും പങ്കുണ്ടെന്നും ഒരാൾക്കുമാത്രം ഉപമുഖ്യമന്ത്രി പദം എന്ന് നേതൃത്വത്തിന് പറയാനാവില്ലെന്നും ചൂണ്ടിക്കാട്ടുന്നു. 22 എസ്.സി എം.എൽ.എമാരും 15 എസ്.ടി എം.എൽ.എമാരും ഒമ്പത് മുസ്ലിം എം.എൽ.എമാരും കോൺഗ്രസിൽ വിജയിച്ചിരുന്നു. ഈ പ്രാതിനിധ്യം കൂടി കണക്കിലെടുക്കേണ്ടി വരും.
ആർ.വി. ദേശ്പാണ്ഡെ, രാമലിംഗ റെഡ്ഡി, കെ.ജെ. ജോർജ്, ദിനേശ് ഗുണ്ടുറാവു, കൃഷ്ണ ബൈരെ ഗൗഡ സതീഷ് ജാർക്കിഹോളി, എച്ച്.കെ. പാട്ടീൽ, ടി.ബി. ജയചന്ദ്ര, എച്ച്.സി. മഹാദേവപ്പ, പ്രിയങ്ക് ഖാർഗെ, ലക്ഷ്മി ഹെബ്ബാൾക്കർ, ചലുവരായ സ്വാമി, യു.ടി. ഖാദർ, തൻവീർസേട്ട്, സമീർ അഹമ്മദ് ഖാൻ, എൻ.എ. ഹാരിസ്, ബി.കെ. ഹരിപ്രസാദ്, സലിം അഹമ്മദ് തുടങ്ങിയവരാണ് പട്ടികയിൽ മുന്നിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.