പണി തുടങ്ങി സിദ്ധരാമയ്യ; ബി.ജെ.പി സർക്കാർ അനുമതി നൽകിയ പദ്ധതികൾ നിർത്തിവെച്ചു
text_fieldsബംഗളൂരു: കർണാടകയിൽ ബി.ജെ.പിയിൽനിന്ന് ഭരണം തിരിച്ചുപിടിച്ച് അധികാരത്തിലേറിയതിന് പിന്നാലെ നിർണായക തീരുമാനങ്ങളുമായി കോൺഗ്രസ് സർക്കാർ. ബി.ജെ.പി നേതൃത്വത്തിലുള്ള മുൻസർക്കാർ അനുമതി നൽകിയ എല്ലാ പദ്ധതികളും നിർത്തിവെക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു. ബി.ജെ.പി സർക്കാർ അനുമതി നൽകിയ മുഴുവൻ പദ്ധതികളും പുനഃപരിശോധിക്കാനും സിദ്ധരാമയ്യ നിർദേശം നൽകി.
അധികാരമേറ്റ ശേഷം സിദ്ധരാമയ്യ സർക്കാർ സ്വീകരിച്ച സുപ്രധാന നടപടികളിലൊന്നാണിത്. കോർപ്പറേഷൻ, ബോർഡുകൾക്ക് കീഴിൽ മുൻ സർക്കാർ ഏറ്റെടുത്ത എല്ലാ പ്രവൃത്തികളുടെയും തുടർ നടപടികളും ഉടൻ നിർത്തണമെന്നും ആരംഭിക്കാത്ത പദ്ധതികൾ മരവിപ്പിച്ചതായും മുഖ്യമന്ത്രിയുടെ ഓഫിസ് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കി. ബി.ജെ.പി സർക്കാർ അനുവദിച്ച പല പദ്ധതികളും സുതാര്യമല്ലെന്നും അംഗീകാരമില്ലെന്നും ജനപ്രതിനിധികളും ജനങ്ങളും പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ തീരുമാനമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ചില പദ്ധതികളിൽ പ്രവർത്തി അനുമതി ഇല്ലാതെ പണം നൽകി. മറ്റു ചിലതിൽ പ്രവർത്തികൾ ഒന്നും നടത്താതെ കടലാസിൽ മാത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി അവയെല്ലാം പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ടെന്നും പരിശോധന പൂർത്തിയായ ശേഷമേ തുടർ നടപടിയുണ്ടാകൂവെന്നും അധികൃതർ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ മാതൃകാ പെരുമാറ്റച്ചട്ടം പുറത്തിറക്കിയതിന് ശേഷമായിരുന്നു ബി.ജെ.പി സർക്കാർ അനുവദിച്ച പുതിയ പ്രവൃത്തികളിൽ ഭൂരിഭാഗവും അനുമതി നേടിയതെന്നും ആരോപണമുയർന്നിരുന്നു. മെയ് 10 ന് നടന്ന തെരഞ്ഞെടുപ്പിൽ 135 സീറ്റ് നേടിയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.