കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ കോവിഡ് മുക്തനായി ആശുപത്രി വിട്ടു
text_fields
ബംഗളൂരു: കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ കോവിഡ് മുക്തനായി. കോവിഡ് ബാധിച്ച് ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം കോവിഡ് നെഗറ്റീവായതിനെ തുടർന്ന് ആശുപത്രിവിട്ടു.
77കാരനായ യെദ്യൂരപ്പയെ കോവിഡ് രോഗലക്ഷണങ്ങളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിച്ചത്. അദ്ദേഹം ദിവസങ്ങൾക്കുള്ളിൽ സുഖം പ്രാപിച്ചെങ്കിലും ഡോക്ടർമാരുടെ നിർദേശപ്രകാരം ആശുപത്രിയിൽ തുടരുകയായിരുന്നു.
ആശുപത്രിയിൽ ആയിരുന്നപ്പോഴും മുഖ്യമന്ത്രി ജോലിയിൽ ഏർപ്പെട്ടിരുന്നു. സുപ്രധാന ഫയലുകൾ പരിശോധിക്കുകയും ആശുപത്രിയിൽ നിന്ന് അവലോകന യോഗങ്ങൾ നടത്തുകയും ചെയ്തുവെന്ന് അധികൃതർ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ആറു ജീവനക്കാർക്കും കോവിഡ് ബാധിച്ചിരുന്നു.
കോവിഡ് പോസിറ്റീവായ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും (71) ഇതേ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണ്. ആരോഗ്യമന്ത്രി ബി.ശ്രീരാമലുവും കോവിഡ് ബാധിതനായി. ഇദ്ദേഹം സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
മുഖ്യമന്ത്രിയുടെ മകളായ പദ്മാവതിക്കും വൈറസ് ബാധയുണ്ടായിരുന്നു. എന്നാൽ മകൻ വിജയേന്ദ്രയുടെ കോവിഡ് ഫലം നെഗറ്റീവായിരുന്നു.
ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ള നാലാമത്തെ സംസ്ഥാനമായ കർണാടകയിൽ ഇതുവരെ 1.78 ലക്ഷം പേർക്കാണ് രോഗബാധയുള്ളത്. 3,100 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.