കൊല്ലപ്പെട്ട മുസ്ലിം യുവാക്കളുടെ വീടുകളും സന്ദർശിക്കുമെന്ന് കർണാടക മുഖ്യമന്ത്രി; പ്രതിഷേധത്തിനൊടുവിൽ തീരുമാനം
text_fieldsബംഗളൂരു: വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന്, ദക്ഷിണകന്നടയിൽ കൊല്ലപ്പെട്ട മുസ്ലിം യുവാക്കളുടെ വീടുകളും ഉടൻ സന്ദർശിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. പത്തു ദിവസത്തിനുള്ളിൽ മൂന്നു യുവാക്കൾ കൊല്ലപ്പെട്ടിട്ടും യുവമോർച്ച നേതാവിന്റെ വീട് മാത്രം സന്ദർശിക്കുകയും ദുരിതാശ്വാസനിധിയിൽ നിന്ന് 25 ലക്ഷം രൂപ അനുവദിക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ വ്യാപക വിമർശനം ഉയർന്നതോടെയാണ് ബസവരാജ് ബൊമ്മൈ ഇക്കാര്യം അറിയിച്ചത്.
ഇത് വിവേചനമാണെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 14 ന്റെ ലംഘനമാണെന്നും വ്യാപക വിമർശനമുയർന്നിരുന്നു. ഇതോടെ കൊല്ലപ്പെട്ട മസൂദ്, മുഹമ്മദ് ഫൈസൽ എന്നിവരുടെ വീടുകളും വരുംദിവസങ്ങളിൽ ഉറപ്പായും സന്ദർശിക്കുമെന്ന് ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സുള്ള്യ ബെല്ലാരിയിൽ മലയാളിയായ മസൂദ്, ഇതേ സ്റ്റേഷൻ പരിധിയിൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു, സൂറത്ത്കലിലെ മംഗൽപേട്ടിൽ മുഹമ്മദ് ഫൈസൽ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതിൽ മസൂദും മുഹമ്മദ് ഫാസിലും ഒരു സംഘടനയിലും അംഗമായിരുന്നില്ലെന്ന് പൊലീസ്തന്നെ സാക്ഷ്യപ്പെടുത്തുമ്പോഴാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽനിന്ന് ഏകപക്ഷീയമായി സാമ്പത്തിക സഹായം നൽകിയത്. മുഖ്യമന്ത്രി നൽകിയത് പാർട്ടി ഫണ്ടിൽനിന്ന് അല്ലെന്നും ദുരിതാശ്വാസനിധിയിൽനിന്നുള്ള തുക ഒരേപോലെ എല്ലാവർക്കും നൽകുകയാണ് വേണ്ടതെന്നും മുസ്ലിം നേതാക്കളും ചൂണ്ടിക്കാട്ടിയിരുന്നു.
സർക്കാറിന്റെ വിവേചനത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസം നടന്ന സമാധാനയോഗം മുസ്ലിം നേതാക്കൾ ബഹിഷ്കരിച്ചിരുന്നു. ബൊമ്മൈ ബി.ജെ.പിയുടെ മുഖ്യമന്ത്രിയായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി മാറണമെന്നും മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി വിമർശിച്ചിരുന്നു.
അതേസമയം, പ്രവീൺ നെട്ടാരുവിന്റെ കൊലപാതകക്കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടൻതന്നെ കുറ്റവാളികളെ പിടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) വിടാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അനൗദ്യോഗികമായി എൻ.ഐ.എയെ അറിയിച്ചിട്ടുണ്ട്. അവർ സംഭവത്തിന്റെ പ്രാഥമിക വിവരങ്ങൾ മംഗളൂരുവിൽനിന്നും കേരളത്തിൽനിന്നും ശേഖരിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.