കർണാടകയിലെ ചർച്ച് അക്രമം; മുൻ ജീവനക്കാരൻ പിടിയിൽ
text_fieldsബംഗളൂരു: കർണാടകയിൽ മൈസൂരുവിനടുത്ത പെരിയപട്ടണയിലെ ക്രിസ്ത്യൻ പള്ളിക്കുനേരെ നടന്ന അക്രമത്തിൽ പള്ളിയിലെ മുൻ ജീവനക്കാരൻ പിടിയിൽ. മഹാദേശ്വര ലേഔട്ട് നിവാസി വിശ്വയാണ് (24) അറസ്റ്റിലായത്. സംഭവം മോഷണശ്രമത്തിനിടെ നടത്തിയ അക്രമമായിരുന്നെന്ന് ജില്ല പൊലീസ് മേധാവി സീമ ലത്കർ സ്ഥിരീകരിച്ചു.
രണ്ടുവർഷം മുമ്പ് പള്ളി ജീവനക്കാരനായിരുന്ന ഇയാൾ കൃത്യമായി ശമ്പളം ലഭിക്കാത്തതിനാൽ ജോലിവിട്ടു. തുടർന്ന് പെരിയപട്ടണ ടൗൺ പഞ്ചായത്തിനു കീഴിൽ ശുചീകരണത്തൊഴിലാളിയായി. എന്നാൽ, അലംഭാവം കാട്ടിയതിന് രണ്ടുമാസംമുമ്പ് പിരിച്ചുവിട്ടു. ഇതോടെ സാമ്പത്തികപ്രതിസന്ധിയിലായ വിശ്വ പള്ളിയിൽനിന്ന് തനിക്ക് ലഭിക്കാനുള്ള ശമ്പളക്കുടിശ്ശിക ചോദിക്കാനെത്തിയപ്പോൾ പള്ളി അടച്ചിട്ടിരിക്കുകയായിരുന്നു. തുടർന്നാണ് അക്രമവും മോഷണവും നടത്തിയതെന്ന് ഇയാൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ഡിസംബർ 27ന് രാവിലെ ആറിനും ഏഴിനും ഇടയിലാണ് മൈസൂരുവിൽനിന്ന് 85 കി.മീ. അകലെയുള്ള പള്ളിയിൽ അക്രമം നടന്നത്. പിറകുവശത്തെ വാതിൽ പൊളിച്ചാണ് അകത്തുകയറിയത്. പള്ളിക്ക് കേടുപാട് വരുത്തിയ അക്രമി ഉണ്ണിയേശുവിന്റെ രൂപം തകർക്കുകയും സംഭാവനപ്പെട്ടിയിലെ പണം അപഹരിക്കുകയും ചെയ്തു.
ക്രിസ്തുവിന്റെ മറ്റ് രൂപങ്ങൾ നശിപ്പിക്കാത്തതിനാൽ കവർച്ചയാണ് അക്രമത്തിന് പിന്നിലെ ലക്ഷ്യമെന്ന് നേരത്തേതന്നെ പൊലീസ് സംശയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.